ഒരു സ്‌പെല്ലില്‍ മൂന്ന് ഓവറുകള്‍ വീതം 15 ഓവര്‍ മാത്രമേ ബോള്‍ ചെയ്യാവൂ എന്ന് ബിസിസിഐ; കേരളത്തിനെതിരെ 26 ഓവര്‍ എറിഞ്ഞ് മുഹമ്മദ് ഷമി; വിവാദം

single-img
22 November 2018

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ 26 ഓവര്‍ ബോള്‍ ചെയ്ത മുഹമ്മദ് ഷമി വിവാദത്തില്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ, കായികക്ഷമത നിലനിര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് പരമാവധി 15 ഓവറുകള്‍ മാത്രമേ ഒരു ഇന്നിങ്‌സില്‍ എറിയാവൂ എന്ന് ബിസിസിഐ ഷമിക്കു മുന്നില്‍ നിര്‍ദ്ദേശം വച്ചത്.

ഒരു സ്‌പെല്ലില്‍ മൂന്ന് ഓവറുകള്‍ വീതം 15 ഓവര്‍ മാത്രമേ ബോള്‍ ചെയ്യാവൂ എന്നായിരുന്നു നിര്‍ദ്ദേശം. ഈ നിയന്ത്രണം അംഗീകരിച്ചാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, അഞ്ച് ഓവര്‍ വരെ ഒരു സ്‌പെല്ലില്‍ ബോള്‍ ചെയ്ത ഷമി, മല്‍സരത്തിലാകെ 26 ഓവര്‍ ബോള്‍ ചെയ്യുകയായിരുന്നു.

ഷമി മൂന്നു മെയ്ഡന്‍ ഓവറുകള്‍ സഹിതം 100 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് പിഴുതിരുന്നു. അതേസമയം, മൂന്നു വിക്കറ്റെടുത്തെങ്കിലും ബംഗാള്‍ ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റു വാങ്ങിയത് ഷമിയാണ്. ഓവറില്‍ ശരാശരി 3.85 റണ്‍സാണ് ഷമി വിട്ടുകൊടുത്തത്. കേരളം നേടിയ രണ്ടു സിക്‌സുകളും ഷമിയുടെ ഓവറിലായിരുന്നു.

അതേസമയം ഇത് തന്റെ മാത്രം വ്യക്തിപരമായ തീരുമാനമാണെന്ന് ഷമി പിന്നീടു പ്രതികരിച്ചു. ‘സ്വന്തം സംസ്ഥാനത്തിനായി ഒരു മല്‍സരം കളിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ്. അതിനാലാണ് ഞാന്‍ കൂടുതല്‍ ഓവറുകള്‍ എറിഞ്ഞത്. ബോള്‍ ചെയ്യുമ്പോള്‍ എനിക്കു യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. മാത്രമല്ല, പിച്ചും വളരെ അനുകൂലമായിരുന്നു. അതുകൊണ്ടാണ് സ്വന്തം നിലയ്ക്ക് കൂടുതല്‍ ഓവറുകള്‍ ബോള്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്’ ഷമി പറഞ്ഞു.