ജമ്മു കശ്മീരില്‍ ബിജെപി വിരുദ്ധ സര്‍ക്കാര്‍ രൂപീകരിക്കാതിരിക്കാന്‍ നിയമസഭ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് ഗവര്‍ണര്‍

single-img
22 November 2018

ജമ്മു കശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട നടപടിയില്‍ വിശദീകരണവുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പ്രായോഗികമല്ലാത്ത സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കില്ല. കുത്തഴിഞ്ഞ അവസ്ഥയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനും കുതിരക്കച്ചവടം തടയാനുമാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

തന്റെ തീരുമാനം ചോദ്യം ചെയ്യണമെന്നുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മെഹബൂബ മുഫ്തിക്കും ഒമര്‍ അബ്ദുള്ളയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത മെഹബൂബ മുഫ്തി തന്നെ അറിയിച്ചിരുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ബദ്ധശത്രുക്കളായ പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മൂന്നു പാര്‍ട്ടികളും. സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

പിഡിപിയും കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന ബിജെപിയെ ഞെട്ടിക്കുന്ന തീരുമാനം ഉച്ചയോടെയാണ് പുറത്തുവന്നത്. പിന്‍വാതില്‍ ചര്‍ച്ചകള്‍ ഏറെ നാളായി നടന്നു വരികയായിരുന്നു. പിഡിപിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാനത്തെ മുന്‍ ധനമന്ത്രിയുമായ അല്‍ത്താഫ് ബുഖാരിയെയാണ് സമവായത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചത്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ക്ക് കത്തുനല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ സത്യപാല്‍ മലിക് നിയമസഭ പിരിച്ചുവിട്ടത്.