സ്വന്തം തട്ടകത്തില്‍ തകര്‍ന്നടിഞ്ഞ് ബംഗാള്‍; രഞ്ജിയില്‍ കേരളത്തിന് രണ്ടാം ജയം

single-img
22 November 2018

ബംഗാളിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് വമ്പന്‍ ജയം. ബംഗാള്‍ രണ്ടാം ഇന്നിങ്‌സില്‍ ഉയര്‍ത്തിയ നിസാരമായ 41 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് കേരളം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇതോടെ 13 പോയിന്റുമായി കേരളം പോയിന്റ് പട്ടികയില്‍ ഒന്നാമതായി.

ഈ സീസണില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ കളിയില്‍ ആന്ധ്രാ പ്രദേശിനേയും കേരളം ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഹൈദരാബാദിനെതിരായ മത്സരം സമനിലയില്‍ പിരിയുകയും ചെയ്തു. തുമ്പ സെന്റ് സേവ്യേഴ്‌സ് മൈതാനത്ത് നവംബര്‍ 28 മുതല്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

144 റണ്‍സ് വഴങ്ങി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗാള്‍ 184 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും മൂന്നു വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് ബംഗാളിനെ അനായാസം പുറത്താക്കിയത്. ഇതോടെ രണ്ടിന്നിങ്‌സിലുമായി ബേസിലും സന്ദീപും ഏഴു വിക്കറ്റ് വീതം നേടി. നിധീഷ് നാല് വിക്കറ്റുമായി തൊട്ടുപിന്നിലുണ്ട്.

62 റണ്‍സെടുത്ത ക്യാപ്റ്റന്‍ മനോജ് തിവാരിക്ക് മാത്രമാണ് ബംഗാളിന്റെ ബാറ്റിങ് നിരയില്‍ തിളങ്ങാനായത്. സുദീപ് ചാറ്റര്‍ജി 39 റണ്‍സെടുത്തപ്പോള്‍ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. നേരത്തെ ഒന്നാമിന്നിങ്‌സില്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയുടെ സെഞ്ചുറിയുടെ ബലത്തിലാണ് കേരളം ലീഡ് നേടിയത്.

147 റണ്‍സിന് ഓള്‍ഔട്ടായ ബംഗാളിനെതിരേ ഒന്നാമിന്നിങ്‌സില്‍ കേരളം 291 റണ്‍സ് അടിച്ചെടുത്തു. ജലജ് സക്‌സേന 190 പന്തില്‍ നിന്ന് 143 റണ്‍സെടുത്തു. വി. എ. ജഗദീഷ് 39 ഉം അക്ഷയ് ചന്ദ്രന്‍ 32ഉം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 23 ഉം റണ്‍സെടുത്തു.

മറ്റുള്ളവര്‍ക്കാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ആറു പേര്‍ ഒറ്റയക്കത്തിനാണ് മടങ്ങിയത്. നാലു വിക്കറ്റെടുത്ത ഇഷാന്‍ പെറലാണ് ബംഗാള്‍ ബൗളര്‍മാരില്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍. മുഹമ്മദ് ഷമി മൂന്നും അശോക് ദിണ്ഡ രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ 41 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ജലജ് സക്‌സേനയുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. സക്‌സേന 26 റണ്‍സിന് പുറത്തായി. 12 റണ്‍സുമായി അരുണ്‍ കാര്‍ത്തിക്കും രണ്ടു റണ്‍സെടുത്ത രോഹന്‍ പ്രേമും പുറത്താകാതെ നിന്നു.