‘ഈ തേപ്പുകാരന്‍ തേച്ചില്ല’; ഇസ്തിരിയിടാന്‍ എല്‍പ്പിച്ച ജീന്‍സില്‍ നിന്നും കിട്ടിയ പതിനായിരം രൂപ എടുത്തുവച്ചു; ഉടമ വരുമ്പോള്‍ മടക്കിനല്‍കാന്‍

single-img
22 November 2018

തൃക്കാക്കര തോപ്പില്‍ തേപ്പുകട നടത്തുന്ന പ്രമോദ് ചൊവ്വാഴ്ച രാവിലെ ഇസ്തിരിയിട്ടുകൊണ്ടിരിക്കുമ്പോഴാണ് ജീന്‍സിന്റെ പോക്കറ്റില്‍ പണം കാണുന്നത്. എടുത്തുനോക്കിയപ്പോള്‍ 500 രൂപയുടെ 20 നോട്ടുകള്‍. ആകെ 10,000 രൂപ. മറ്റാരും കണ്ടില്ലെങ്കിലും തന്റെ സത്യസന്ധത കൈവിടാന്‍ പ്രമോദ് ഒരുക്കമായിരുന്നില്ല.

ആരുടെ ജീന്‍സ് ആണെന്നറിയാത്തതിനാല്‍ തേപ്പു കഴിഞ്ഞ വസ്ത്രങ്ങള്‍ വാങ്ങാന്‍ വരുമ്പോള്‍ പണം തിരിച്ചേല്‍പ്പിക്കാമെന്നു കരുതി സൂക്ഷിച്ചു. വസ്ത്രം ഏല്‍പ്പിച്ചയാള്‍ ചൊവ്വാഴ്ച വൈകിട്ട് പ്രമോദ് ഇല്ലാത്ത സമയത്തു വസ്ത്രം വാങ്ങിപ്പോയി. പോക്കറ്റില്‍ 10,000 രൂപ ഉണ്ടായിരുന്ന കാര്യം ഇയാള്‍ അറിഞ്ഞുകാണില്ലെന്നാണു കരുതുന്നത്.

ജീന്‍സ് അലക്കിയപ്പോഴും രൂപ പോക്കറ്റിലുണ്ടായിരുന്നുവെന്നാണ് അനുമാനം. നാട്ടുകാരെ സാക്ഷ്യപ്പെടുത്തി 10,000 രൂപ പ്രമോദ് സൂക്ഷിച്ചിരിക്കുകയാണ്. അടുത്ത തവണ തേക്കാന്‍ വസ്ത്രങ്ങളുമായെത്തുമ്പോള്‍ തിരികെ നല്‍കാമെന്ന പ്രതീക്ഷയില്‍. പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ പ്രമോദ് 18 വര്‍ഷമായി ഇവിടെയാണു താമസം. പച്ചക്കറിക്കട നടത്തി പരാജയപ്പെട്ടപ്പോഴാണു തേപ്പു കടയിലേക്കു വഴിമാറിയത്.