‘പമ്പയിൽ തടഞ്ഞത് കേന്ദ്ര മന്ത്രിയുടെ വാഹനമല്ല; പൊൻ രാധാകൃഷ്ണനെ വിളിച്ചുവരുത്തിയത്’

single-img
22 November 2018

പമ്പയിൽ തടഞ്ഞത് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനമല്ലെന്നു പൊലീസ്. വൈകിയെത്തിയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ അവസാന കാറാണു തടഞ്ഞത്. വാഹനത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ആളുണ്ടെന്നു സംശയം തോന്നിയിരുന്നു. ഈ വാഹനത്തിലുള്ളവർ പിന്നീടു മന്ത്രിയെ വിളിച്ചുവരുത്തി.

എന്താണു സംഭവിച്ചതെന്നു മന്ത്രിയെ ബോധ്യപ്പെടുത്തി, എഴുതി നൽകി. കാറിൽ സംശയിച്ചയാള്‍ ഇല്ലെന്നാണ് എഴുതി നൽകിയതെന്നും പൊലീസ് അറിയിച്ചു .മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ പൊലീസ് മാപ്പ് പറഞ്ഞുവെന്ന് നേരത്തേ റപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും മാപ്പ് പറഞ്ഞിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു.

ഹരിവരാസനം പാടി നടയടച്ചതിന് ശേഷമാണ് മന്ത്രിയും സംഘവും മലയിറങ്ങിയത്. രാത്രി 10 ന് സന്നിധാനം പോലീസ് സ്റ്റേഷനുമുന്‍ഭാഗത്ത് കുത്തിയിരുന്നു നാമജപം നടത്തിയവരോടൊപ്പം മന്ത്രിയും ചേര്‍ന്നിരുന്നു.ബുധനാഴ്ച മന്ത്രി പൊന്‍ രാധാകൃഷ്ണനെ എസ്.പി യതീഷ് ചന്ദ്ര നിലയ്ക്കലില്‍ തടഞ്ഞതിനേത്തുടര്‍ന്ന് വിവാദമുയര്‍ന്നിരുന്നു. മന്ത്രി എത്തിയപ്പോള്‍ പ്രോട്ടോക്കോൾ പാലിച്ചില്ല എന്ന വിമര്‍ശനവും വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.