‘ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല’: മോഹന്‍ലാലിനെതിരെ തുറന്നടിച്ച് നടി രേവതി

single-img
22 November 2018

മീ ടൂ ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി നടി രേവതി. ‘മീ ടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല.

എന്ത്‌കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്ന് പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല.’ നടി രേവതി ട്വിറ്ററില്‍ കുറിച്ചു. മോഹന്‍ലാലിന്റെ പേര് എടുത്തുപറയാതെ നടത്തിയ പരാമര്‍ശം സോഷ്യല്‍ ലോകത്തും വൈറലായിരിക്കുകയാണ്.

മീ ടൂവിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ അബുദാബിയില്‍ അഭിപ്രായപ്പെട്ടിരുന്നു. താന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും, അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മലയാള സിനിമയെ ഇത് ബാധിക്കുന്നില്ല. പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.