ജസ്റ്റിസ് ലോയ കേസില്‍ വീണ്ടും ട്വിസ്റ്റ്; ‘ലോയ മരിച്ചത് റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളുടെ വിഷാംശമേറ്റ്’

single-img
22 November 2018

സൊഹ്‌റാബുദിന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ വാദം കേട്ട ജഡ്ജി ബി.എച്ച്.ലോയ മരിച്ചത് റെഡിയോ ആക്ടീവ് പദാര്‍ഥങ്ങളുടെ വിഷാംശമേറ്റെന്ന് പുതിയ ആരോപണം. ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സതീഷ് മഹാദിയോറാവു ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആരോപണമുന്നയിച്ചത്.

ഇതുസംബന്ധിച്ച തെളിവുകള്‍ കൈയിലുണ്ടെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു. ചില നിര്‍ണായക രേഖകള്‍ മാത്രം ഇപ്പോള്‍ സമര്‍പ്പിക്കുകയാണെന്നും ജീവനോടെയിരുന്നാല്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും ഹര്‍ജിയില്‍ ചുണ്ടിക്കാട്ടി. ലോയയുടേത് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്ന ജഡ്ജി പ്രകാശ് തോംബരെ, അഭിഭാഷകന്‍ ശ്രീകാന്ത് ഖണ്ഡാല്‍കര്‍ എന്നിവരുടെ ദുരൂഹ മരണം ചൂണ്ടിക്കാട്ടിയ സതീഷ് താനും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് കോടതിയില്‍ പറഞ്ഞു. അതിനാല്‍ രേഖകള്‍ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

2015 മാര്‍ച്ചില്‍ നാഗ്പൂരിലെത്തിയ അമിത് ഷാ അന്നത്തെ ആണവോര്‍ജ കമിഷന്‍ ചെയര്‍മാന്‍ രതന്‍ കുമാര്‍ സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയത് തങ്ങളുടെ സംശയത്തെ ബലപെടുത്തുന്നതായും സതീഷ് പറഞ്ഞു. കൂടിക്കാഴ്ചയുടെ രേഖകള്‍ പൂഴ്ത്തിയതായും അദ്ദേഹം ആരോപിച്ചു. ലോയ കൊല്ലപ്പെട്ടത് തന്നെയാണെന്നതിന് കൂടുതല്‍ തെളിവുകളുണ്ടെന്നും അവ പിന്നീട് കോതിയില്‍ സമര്‍പ്പിക്കുമെന്നും സതീഷ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അമിത് ഷായെ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ജഡ്ജി ലോയയെ മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ഭീഷണിപെടുത്തി. കേസില്‍ നിന്ന് അമിത് ഷായെ ഒഴിവാക്കുന്ന തരത്തിലുള്ള വിധിയുടെ കരട് രൂപം ലോയക്ക് നല്‍കി. ഇത് ലോയ സുഹൃത്തുക്കളായ ജഡ്ജി പ്രകാശ് തോംബരെ, അഭിഭാഷകന്‍ ശ്രീകാന്ത് ഖണ്ഡാല്‍കര്‍ എന്നിവര്‍ക്ക് കൈമാറിയിരുന്നു. ലോയയുടെ മരണ ശേഷം ഭീഷണിനേരിട്ട ഖണ്ഡാല്‍ക്കര്‍ വിവരങ്ങള്‍ തന്നെ അറിയിച്ചു. പിന്നീട് കാണാതായ ഖണ്ഡെല്‍ക്കറുടെ മൃതദേഹം 2015 ഒക്ടോബറില്‍ നാഗ്പൂര്‍ കോടതി വളപ്പില്‍ കണ്ടെത്തി.

2016 മേയില്‍ ബംഗളുരുവിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഹൈദറാബാദില്‍ വെച്ച് ജഡ്ജി പ്രകാശ് തോംബരെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അതെ വര്‍ഷം ജൂണില്‍ തന്റെ ഓഫീസിനു മുകളില്‍ ഇരുമ്പ് ദണ്ഡ് വീഴ്ത്തി അപായപെടുത്താന്‍ ശ്രമിച്ചു. ഓഫീസിലില്ലാത്തതിനാല്‍ രക്ഷപെടുകയായിരുന്നു.

200 കോടി രൂപ വാങ്ങി പിന്‍വാങ്ങാനും അല്ലാത്ത പക്ഷം ദേവേന്ദ്ര ഫട്‌നാവിസിന്റെ പൊലിസ് കള്ളകേസില്‍ കുടുക്കുമെന്നും ഒരു സൂര്യകാന്ത് ലോലഗെ തന്നെ ഭീഷണിപ്പെടുത്തി, തുടങ്ങിയവയാണ് സതീഷ് തന്റെ ഹര്‍ജിയില്‍ ആരോപിക്കുന്ന മറ്റ് കാര്യങ്ങള്‍.