കെ.എം ഷാജിക്ക് വീണ്ടും ആശ്വാസം; നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി

single-img
22 November 2018

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കേസില്‍ കേരളാ ഹൈക്കോടതി അയോഗ്യനാക്കപ്പെട്ട അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. തനിക്കെതിരായ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ അടിയന്തരതീര്‍പ്പ് കല്‍പ്പിക്കണമെന്നും ചൂണ്ടിക്കാട്ടി കെ.എം ഷാജി നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.

എന്നാല്‍ ആനൂകൂല്യങ്ങള്‍ കൈപ്പറ്റാന്‍ കഴിയില്ല. നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സ്‌റ്റേ തേടി നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന കെ എം ഷാജിയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് പരാമര്‍ശം. എന്നാല്‍ ഇത് കോടതിയുടെ ഉത്തരവല്ല, വാക്കാലുള്ള നിരീക്ഷണം മാത്രമാണ്.

അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കെ.എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഒരു സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ എം.എല്‍.എ പദവി നിലനിര്‍ത്താനാണോ ആഗ്രഹിക്കുന്നതെന്ന് ഷാജിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. സാധാരണ തിരഞ്ഞെടുപ്പ് കേസുകളില്‍ ഇത്തരമൊരു മറുപടിയാണ് നല്‍കുകയെന്നും വിശദമായ വാദം പിന്നീട് കേള്‍ക്കാമെന്നും കോടതി അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് തന്നെ വിലക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും അയോഗ്യത കല്‍പ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. അഴീക്കോട് എം.എല്‍.എ. ആയ ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഈമാസം ഒമ്പതിലെ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. അതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും.