കെ സുരേന്ദ്രനെതിരെ വീണ്ടും കേസെടുത്തു; കള്ളക്കേസെന്ന് ശ്രീധരന്‍ പിള്ള

single-img
22 November 2018

ശബരിമലയിലെ പ്രക്ഷോഭത്തില്‍ കെ. സുരേന്ദ്രനെതിരെ പോലീസ് വീണ്ടും കേസെടുത്തു. ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത് എന്നാണ് ലഭ്യമായ വിവരം. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ അക്രമ പ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ വാറണ്ടുള്ള സുരേന്ദ്രന്‍ ഇപ്പോഴും ജയിലിലാണുള്ളത്.

അതേസമയം കെ. സുരേന്ദ്രനെതിരെ കള്ളക്കേസ് ചമച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. പത്തോളം കേസുകള്‍ പുതിയതായി കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി അറിയുന്നു. ബിജെപി നേതാക്കളെ നിശബ്ദരാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച പിള്ള സുരേന്ദ്രന്‍ ഒറ്റയ്ക്കല്ലെന്നും നിയമാനുസൃതമായി പോരാടുമെന്നും വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീ പ്രവേശത്തിനെതിരായല്ല, യുവതീ പ്രവേശത്തിനെതിരെയാണ് പ്രതിഷേധിക്കുന്നത്. ഇത് സംബന്ധിച്ച് ജനുവരി 22ന് സുപ്രീം കോടതിയുടെ അന്തിമ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരന്‍ പിള്ള ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ സ്ഥിതി വളരെ ദൗര്‍ഭാഗ്യകരമാണെന്നും സര്‍ക്കാര്‍ പോലീസുകാരെ കയറൂരിവിട്ടിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. യതീഷ് ചന്ദ്രയുടെ നടപടിയെ ബിജെപി അപലപിക്കുന്നു. അദ്ദേഹത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുള്‍പ്പെടെ പരാതി നല്‍കും – പിള്ള വ്യക്തമാക്കി. കണ്ണൂരില്‍ ബിജെപി സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്ത സിപിഎം സൃഷ്ടിയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.