ജമ്മുകശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ പാക് നിര്‍ദ്ദേശമെന്ന് റാം മാധവ്; ആരോപണം തെളിയിക്കാന്‍ റാം മാധവിനെ വെല്ലുവിളിച്ച് ഒമര്‍ അബ്ദുള്ള

single-img
22 November 2018

ന്യൂഡല്‍ഹി: കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടുള്ള ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ തീരുമാനം പുറത്ത് വന്നതോടെ ബിജെപി നേതാവ് റാം മാധവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും തമ്മില്‍ ട്വീറ്റര്‍ പോര്. ബുധനാഴ്ച ട്വിറ്ററില്‍ ആദ്യ വെടിപ്പൊട്ടിച്ചത് രാം മാധവ് ആയിരുന്നു.

മെഹബൂബ മുഫ്തിയുടെ പിഡിപിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറായത് പാക് നിര്‍ദ്ദേശ പ്രകാരമാണെന്ന റാം മാധവിന്റെ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്. എന്നാല്‍ ആരോപണം തെളിയിക്കാന്‍ റാം മാധവിനെ വെല്ലുവിളിക്കുന്നതായി ഒമര്‍ ട്വിറ്ററില്‍ മറുപടി നല്‍കി.

റോയും എന്‍ഐഎയും ഇന്റലിജന്‍സും ഉള്‍പ്പെടയുള്ള വിഭാഗങ്ങള്‍ ബിജെപിയുടെ അധീനതയില്‍ ഉള്ളപ്പോള്‍ അത് എളുപ്പത്തില്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയായി താന്‍ ഒമറിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്തിട്ടില്ലെന്നും ഒമറിനെ കുറ്റക്കാരനായി ചിത്രീകരിച്ചില്ലെന്നുമാണ് റാം മാധവ് മറുപടി നല്‍കിയത്.

ധൃതിപിടിച്ച് പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമമാണ് രാഷ്ട്രീയ പരാമര്‍ശത്തിന് കാരണമെന്നും റാം മാധവ് മറുപടി ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഒമര്‍ തയ്യാറായില്ല. ആരോപണത്തിന് തെളിവ് ഹാജരാക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

തുടരെ തുടരെ വെല്ലുവിളികളും വാഗ്വാദങ്ങളുമായി ഇരുവരും രംഗത്തെത്തിയതോടെ ട്വിറ്ററില്‍ പോരടിക്കുന്ന പ്രതീതിയായി. കഴിഞ്ഞ മാസം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പ് പിഡിപിയും എന്‍സിയും ബഹിഷ്‌കരിച്ചതും പാക്കിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നുവെന്ന് റാം മാധവ് ആരോപിച്ചിരുന്നു.

പിഡിപിയും എന്‍സിയും കോണ്‍ഗ്രസും ചേര്‍ന്നു ജമ്മു കശ്മീരില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് നിയമസഭ പിരിച്ചുവിട്ടു കൊണ്ട് ഉത്തരവിറക്കിയത്. നീക്കത്തിനു പിന്നില്‍ ബിജെപിയാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരേപണം.