അദീബിന് സ്ഥിരജോലി വാഗ്ദാനം ചെയ്തിരുന്നു; ശമ്പളക്കണക്ക് പുറത്തുവിട്ടു; മന്ത്രി കെ.ടി ജലീലിനെ വിടാതെ പി.കെ ഫിറോസ്

single-img
22 November 2018

സ്ഥിരജോലി വാഗ്ദാനം ചെയ്താണ് മന്ത്രി കെ.ടി. ജലീല്‍ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. കെ. ടി അദീബ് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജോലി രാജി വച്ചാണ് ഇവിടെ ജോലിക്കെത്തിയത്. ബന്ധുനിയമന വിഷയത്തില്‍ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞതെല്ലാം കളവെന്നും പി.കെ. ഫിറോസ് പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഒരു ലക്ഷം രൂപയിലേറെ ശമ്പളം ലഭിച്ചിരുന്ന കെ.ടി അദീബ് വെറും 85664 രൂപയ്ക്കാണ് ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ ധനാകാര്യ കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച് മന്ത്രിയും കോര്‍പ്പറേഷന്‍ അധികൃതരും ആദ്യം മുതല്‍ പറഞ്ഞിരുന്നത്. മറ്റ് അലവന്‍സുകളൊന്നും അനുവദിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.

എന്നാല്‍, അത് തെറ്റാണെന്നും തനിക്ക് പെട്രോള്‍ അലവന്‍സ് ഉള്‍പ്പെടെ മുമ്പ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അനുവദിച്ചിരുന്ന അലവന്‍സുകളെല്ലാം അനുവദിച്ച് തരണമെന്നും ചൂണ്ടിക്കാട്ടി അദീബ് കോര്‍പ്പറേഷന് നല്‍കിയ കത്ത് ഇന്ന് യൂത്ത് ലീഗ് പുറത്ത് വിട്ടു. ഇതോടെ കുറഞ്ഞ വേദനത്തിന് ജോലി ചെയ്യാന്‍ അദീബ് സമ്മതിക്കുകയായിരുന്നുവെന്ന മന്ത്രിയുടെ വാദമാണ് പൊളിഞ്ഞത്.

മാസത്തില്‍ 100 ലിറ്റര്‍ പെട്രോള്‍ അടിക്കാനുള്ള തുക, വിനോദത്തിനുള്ള അലവന്‍സ്, വര്‍ഷത്തില്‍ വാഹനം നന്നാക്കാനുള്ള തുക തുടങ്ങി വിചിത്രമായ വിവിധ ആവശ്യങ്ങളാണ് അദീബ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടത്. യൂത്ത്‌ലീഗ് വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നില്ലെങ്കില്‍ ഇതൊക്കെ അനുവദിച്ച് കൊടുക്കാനും സര്‍ക്കാര്‍ മടിക്കില്ലായിരുന്നുവെന്ന് പി.കെ ഫിറോസ് ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ ബാങ്കില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ പൊതുമേഖലാ സ്ഥാപനത്തിലേക്ക് ബന്ധുവിനെ നിയമിക്കണമെന്ന തീരുമാനം ധനകാര്യ വകുപ്പിന്റെ അനുമതിക്ക് ബന്ധപ്പെട്ടവര്‍ വിട്ടെങ്കിലും വകുപ്പില്‍ നിന്നും മറുപടി ലഭിക്കാതായതോടെ മന്ത്രി സ്വന്തം ഇഷ്ടപ്രാകരം അംഗീകാരം നല്‍കിയെന്ന ഗൗരവമേറിയ പുതിയ ആരോപണവും യൂത്ത്‌ലീഗ് ഉന്നയിക്കുന്നുണ്ട്.

വിവരാവകാശ നിയമപ്രകാരം നിയമന രേഖ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ തയ്യാറാവുന്നില്ല പകരം അത് കോര്‍പറേഷന്റെ കീഴിലാണുള്ളതെന്ന മറുപടിയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഫിറോസ് ചൂണ്ടിക്കാട്ടുന്നു. 2016 ജൂലൈ 28നാണ് തന്റെ ലെറ്റര്‍ പാഡില്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുന്നത്.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുളള വിദ്യാഭ്യാസ യോഗ്യത ബിരുദവും, എംബിഎയുമെന്നുള്ളത് ബിരുദം, എംബിഎ ഒപ്പം ബിടെക്, പിജിഡിബിഎ എന്നാക്കി മാറ്റി ഉത്തരവിറക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.

എന്നാല്‍ തസ്തിക സൃഷ്ടിക്കലിനും, വിദ്യാഭ്യാസ യോഗ്യത പുനര്‍ നിശ്ചയിക്കുന്നതിനും മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം ആവശ്യമാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ അനുമതിക്കായി ഫയല്‍ കൈമാറണമെന്നും വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ വിയോജന കുറിപ്പെഴുതി ഓഗസ്റ്റ് 3ന് മന്ത്രിക്ക് കൈമാറിയിരുന്നു.

അതേസമയം, അധിക യോഗ്യത നിശ്ചയിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി പിറ്റേന്ന് തന്നെ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് 9ന് അംഗീകാരം നല്‍കി മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ഓഗസ്റ്റ് 17ന് വകുപ്പ് ഉത്തരവായി പുറത്തിറങ്ങുകയായിരുന്നു. 27 ന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പത്രകുറിപ്പ് പ്രസിദ്ധീകരിക്കുകയും മന്ത്രിബന്ധു കെ ടി അദീബ് ഉള്‍പ്പെടയുള്ളവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുകയുമായിരുന്നു. മറ്റ് ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് നിയമിച്ച അദീബിന്റെ യോഗ്യത കൂടി ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് അദീബ് രാജി വച്ചത്. എന്തായാലും ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് പോവുന്നത്.