കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് അപമാനിച്ചെന്നാരോപിച്ച് നാളെ ബി.ജെ.പി ഹര്‍ത്താല്‍; ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാരുടെ അഴിഞ്ഞാട്ടമെന്ന് എ.എന്‍. രാധാകൃഷ്ണന്‍

single-img
22 November 2018

ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് അപമാനിച്ചെന്നാരോപിച്ച് കന്യാകുമാരിയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

ശബരിമല ദര്‍ശനം കഴിഞ്ഞ് പോയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനം പരിശോധനയ്ക്കായി പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയെ തടഞ്ഞു എന്ന രീതിയിലാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. മന്ത്രിയെ തടഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

പൊന്‍ രാധാകൃഷ്ണനോട് ശബരിമലയില്‍ കേരള പോലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ കഴിഞ്ഞ ദിവസം കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള ബസുകള്‍ കേരള അതിര്‍ത്തിയില്‍ നാട്ടുകാരും തടഞ്ഞു.

ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കളിയിക്കാവിളയിലും തക്കലയിലും കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തടഞ്ഞത്. ഇതിനുപിന്നാലെ തമിഴ്‌നാട് ബസുകള്‍ ഇഞ്ചിവിളയില്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിയശേഷം തിരിച്ചയച്ചു. പാറശ്ശാല പോലീസ് ബസ് തടഞ്ഞവരെ നീക്കി.

സര്‍വീസ് പുനരാരംഭിക്കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥരുമായി അലോചിച്ചശേഷമേ അത് സാധ്യമാകുവെന്ന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിക്കിരുവശത്തും ഇരുവിഭാഗങ്ങള്‍ സംഘടിച്ചതിനെത്തുടര്‍ന്ന് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ശബരിമലയെന്ന പുണ്യഭൂമി പോലീസിനെ ഉപയോഗിച്ച് കളങ്കപ്പെടുത്താനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. ശബരിമലയില്‍ പലയിടത്തും ക്രിമിനലുകളായ പോലീസുകാരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്തെ പോലീസ് സംവിധാനം അപകടകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശരണംവിളിക്കുന്ന അയ്യപ്പ വിശ്വാസികളെയെല്ലാം ക്രിമിനലുകളായാണ് പോലീസ് കാണുന്നത്. കാഷ്മീരില്‍ ഭീകരരെ നേരിടുന്ന അതേശൈലിയിലാണ് ശബരിമലയില്‍ വിശ്വാസികളെ അടിച്ചമര്‍ത്താന്‍ പോലീസ് ഇറങ്ങിയിരിക്കുന്നത്. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐജി വിജയ് സാഖറെ അറിയപ്പെടുന്ന ഒന്നാംനമ്പര്‍ ക്രിമിനലാണെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.