നടന്‍ അക്ഷയ് കുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

single-img
22 November 2018

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനെ പഞ്ചാബ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനും മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിനും കൂടിക്കാഴ്ച നടത്താന്‍ അവസരം ഒരുക്കിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് നശിപ്പിച്ചതിനെ ചൊല്ലി ഫരീദ്‌കോട്ടിലും കോട്കപുരിയിലുമുണ്ടായ പൊലീസ് വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് അക്ഷയ്യെ ചോദ്യം ചെയ്തത്. ഛണ്ഡിഗഢ് ആസ്ഥാനത്ത് ബുധനാഴ്ചയായിരുന്നു അദ്ദേഹത്തെ ചോദ്യം ചെയ്തത്.

ജുഹുവിലെ സ്വന്തം വീട്ടില്‍ വെച്ചാണ് ബോളിവുഡ് താരം ആള്‍ ദൈവവുമായി കൂടിക്കാഴ്ച നടത്തിയതെന്നും ആരോപണമുണ്ടായിരുന്നു. ഗുര്‍മീതിന്റെ വിവാദ സിനിമയായ മെസഞ്ചര്‍ ഓഫ് ഗോഡുമായി ബന്ധപ്പെട്ടായിരുന്നു അക്ഷയ്ബാദല്‍ഗുര്‍മീത് കൂടിക്കാഴ്ചയെന്നാണ് ആരോപണം. എന്നാല്‍ താന്‍ ഗുര്‍മീതിനെ ഇതുവരെ കണ്ടിട്ടേയില്ലെന്ന് അക്ഷയ് അന്വേഷണ സംഘത്തോട് പറഞ്ഞു.