ദുബായ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

single-img
21 November 2018

ദുബായില്‍ സന്ദര്‍ശക വിസകള്‍ അനുവദിക്കാന്‍ ഇനി 15 സെക്കന്‍ഡ് മതി. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ചാല്‍ 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാന്‍ കഴിയുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി അറിയിച്ചു.

സന്ദര്‍ശക വിസക്ക് വേണ്ടി ട്രാവല്‍ ഏജന്‍സികള്‍ മുഖേന അപേക്ഷകള്‍ നല്‍കാം. സ്‌പോണ്‍സര്‍ വഴിയും അപേക്ഷിക്കാം. എന്നാല്‍ ഈ അപേക്ഷകള്‍ എമിഗ്രേഷന്‍ ഓഫീസില്‍ കിട്ടുന്നത് മുതല്‍ 15 സെക്കന്‍ഡാണ് അവ അനുവദിക്കാനുള്ള സമയം.

സർക്കാർ സേവനങ്ങൾ സ്മാർട്ട് സംവിധാനത്തിലേക്ക് മാറിയതോടെയാണ് ഇത് നിലവിൽ വന്നത്. ലോകത്തിൽ ആദ്യമായാണ് ഇത്തരത്തിൽ സന്ദർശക വിസ അനുവദിക്കുന്നതും. നിത്യവും പതിനായിരങ്ങൾ ബന്ധപ്പെടുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റും സ്മാർട്ട് ടണലും ഏർപ്പെടുത്തിക്കൊണ്ട് ഇമിഗ്രേഷൻ നടപടികൾ ലഘൂകരിച്ചതിന് പിന്നാലെയാണ് സന്ദർശക വിസക്കുള്ള സമയവും ക്രമീകരിച്ചിരിക്കുന്നത്.

ദുബായിലെ സർക്കാർ സേവനങ്ങൾ സ്മാർട്ട് സംവിധാനത്തിലേക്ക് മാറ്റി ജനങ്ങളുടെ സന്തോഷം കൂട്ടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനമനുസരിച്ചാണ് ഈ പ്രവർത്തനങ്ങൾ പുരോഗമിച്ചത്. അടുത്തുതന്നെ വകുപ്പ് കൂടുതൽ ആശ്ചര്യം നൽകുന്ന പുതിയ സംവിധാനം അവതരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.