ഒരു വയസ്സുകാരന്റെ മുകളിലൂടെ ട്രെയിന്‍ പാഞ്ഞ് പോയി; പോറല്‍ പോലും ഏല്‍ക്കാതെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

single-img
21 November 2018

ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. റെയില്‍വേ പാളത്തിലേക്ക് തെറിച്ച് വീണ കുഞ്ഞിന് മുകളിലൂടെ ട്രെയിന്‍ ചീറിപാഞ്ഞ് പോകുമ്പോള്‍ രക്ഷിതാക്കളും യാത്രക്കാരും പ്ലാറ്റ് ഫോമില്‍ ഒന്നും ചെയ്യാനാകാതെ തേങ്ങി കരയുകയായിരുന്നു. ട്രെയിന്‍ പോയി കഴിഞ്ഞ ഉടനെ ഒരു ചെറുപ്പക്കാരന്‍ പാളത്തിലേക്ക് ചാടി കുഞ്ഞിനെ എടുത്ത് രക്ഷിതാക്കളുടെ കൈകളില്‍ ഏല്‍പ്പിക്കുകയായിരുന്നു. ശ്വാസം അടക്കി പിടിച്ചുകൊണ്ടാണ് എല്ലാവരും ആ കാഴ്ച കണ്ടത്. പാളത്തില്‍ വീണ ഒരു വയസ്സുകാരനായ സാഹിബ് ട്രെയിന്‍ പോകുന്നതുവരെ അനങ്ങാതെ കിടന്നതിനാലാണ് ഒരു പോറലും ഏല്‍ക്കാതെ രക്ഷപ്പെട്ടത്.

അമ്മയുടെ മടിയില്‍ക്കിടന്ന കുഞ്ഞ് പാളത്തിലേക്കു തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ അമ്മ ചാടാന്‍ ഒരുങ്ങുമ്പോഴേക്കും ട്രെയിന്‍ കുഞ്ഞിനു മുകളിലൂടെ പാഞ്ഞു പോവുകയും ചെയ്തു. എന്നാല്‍ പാളത്തോട് തൊട്ടടുത്ത് കിടന്ന കുഞ്ഞ് കരയാതെ അനങ്ങാതെ കിടന്നതിനാലാണ് പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടത്. ട്രെയിന്‍ കുഞ്ഞിന് മുകളിലൂടെ പാഞ്ഞ് ഇരമ്പി പോകുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.