48 മണിക്കൂറിനകം രാജി വച്ചൊഴിയണം;പരീക്കറുടെ വീടിന് മുന്നില്‍ പ്രതിഷേധം

single-img
21 November 2018

പനാജി: അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലുളള ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയിലേക്ക് പ്രതിഷേധം. ഒരു മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും അതിനാല്‍ 48 മണിക്കൂറിനുളളില്‍ പരീക്കര്‍ രാജിവെയ്ക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സംസ്ഥാനത്ത് ഭരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനറുമായാണ് നൂറോളം വരുന്ന ആളുകള്‍ പരീക്കറിന്റെ സ്വകാര്യ വസതിയിലേക്ക് മാര്‍ച്ച്‌ ചെയ്‌തത്. കോണ്‍ഗ്രസ്,​ എന്‍.സി.പി,​ ശിവസേന തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സന്നദ്ധ സംഘടനകളും സമരത്തിന് അണിചേര്‍ന്നിരുന്നു.

സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പരീക്കര്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം രാജിവച്ച്‌ മറ്റൊരാളെ ഭരണം ഏല്‍പ്പിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

ഒമ്പത് മാസത്തിലേറിയായി പരീക്കര്‍ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലായിരുന്നുവെന്ന് അവര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ വീടിന്‍റെ 100 മീറ്റര്‍ അകലെ മാര്‍ച്ച് പൊലീസ് തടഞ്ഞു. കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോണ്ടാകര്‍ അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

പാന്‍ക്രിയാസ് ക്യാന്‍സര്‍ മൂലം ചികിത്സയില്‍ കഴിയുന്ന പരീക്കര്‍ മരിച്ചുപോയെന്ന് അടുത്തിടെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഒക്‌ടോബര്‍ 14ന് ഡല്‍ഹി എയിംസില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്‌തതിന് ശേഷം പൊതുപരിപാടിയിലും പരീക്കര്‍ പങ്കെടുത്തിരുന്നില്ല. ഗോവയിലെ സ്വകാര്യ വസതിയില്‍ 24 മണിക്കൂറും ഡോക്‌ടര്‍മാരുടെയും പാരാമെ‌ഡ‌ിക്കല്‍ സ്‌റ്റാഫുകളുടെയും നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നതെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.