പ്രവാസികൾക്ക് വീണ്ടും തിരിച്ചടി: സൗദിയിലെ ഫാർമസികളില്‍ നിന്നും പ്രവാസികൾ പുറത്തേക്ക്‌

single-img
21 November 2018


സൗദിയിലെ ഫാർമസികളിലെ സ്വദേശിവത്കരണം ഒരു മാസത്തിനകം ആരംഭിക്കുമെന്ന് സൗദി തൊഴിൽ മന്ത്രി. അടുത്തമാസം മുതല്‍ ഘട്ടം ഘട്ടമായി ഈ രംഗത്ത് സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. നിലവില്‍ സൗദിയിലെ ഫാര്‍മസികളില്‍ ജോലിചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികളും വിദേശികളാണ്. എന്നാല്‍ പുതുതായി ഫാര്‍മസി പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുന്ന സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്കാണ് ഭരണകൂടം തുടക്കം കുറിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ഒരോ വര്‍ഷവും 6.7 ശതമാനം വീതം സ്വദേശികളെ ഫാര്‍മസികളില്‍ നിര്‍ബന്ധമാക്കും. 10 വര്‍ഷം കൊണ്ട് ഈ രംഗത്ത് വിദേശികളെ പൂര്‍ണ്ണമായി ഒഴിവാക്കാനാണ് തീരുമാനം. ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കനുസരിച്ച് രാജ്യത്ത് 8,665 ഫാർമസികളാണുള്ളത്. ഇതിൽ 24,265 ഫാര്‍മസിസ്റ്റുകളുണ്ട്. നിലവിൽ ഫാർമസിസ്റ്റുകളിൽ 93 ശതമാനം വിദേശികളും 7 ശതമാനം സ്വദശികളുമാണ്.

2027നുള്ളിൽ സൗദി വിപണിക്ക് ആവശ്യമായ ഫാർമസിസ്റ്റുകൾ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങും എന്നതാണ് തൊഴിൽ മന്ത്രാലയത്തിൻറെ പ്രതീക്ഷ. അതനുസരിച്ചാണ് മന്ത്രാലം പ്ലാൻ തയാറാക്കിയിട്ടുള്ളത്. ഓരോ വർഷവും ബിരുദം കഴിഞ്ഞിറങ്ങുന്നവരെ ഉടൻ ജോലിയിൽ നിയമിച്ച് സ്വദേശി അനുപാതം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.