ജോത്സ്യന്‍മാരും തന്ത്രിമാരും കാണിക്കുന്ന വഴി പോയാല്‍ കോണ്‍ഗ്രസ് പിന്നാക്കംപോവും;’ശബരിമല’യിൽ കോൺഗ്രസ് നിലപാട് ആത്മഹത്യാപരമെന്ന് മുതിർന്ന നേതാവ്‌ കെ പി ഉണ്ണികൃഷ‌്ണൻ

single-img
21 November 2018

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന നിലപാട് ആത്മഹത്യാപരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി ഉണ്ണികൃഷ്ണന്‍.ജ്യോത്സ്യൻമാരും തന്ത്രിമാരും നയിക്കുന്ന വഴിയേ പോയാൽ കോൺഗ്രസ് പിന്നാക്കം പോകുമെന്നും അദ്ദേഹം പറഞ്ഞു.

താല്‍ക്കാലികമായ തെരഞ്ഞെടുപ്പ് കസര്‍ത്തുകള്‍ക്കും വോട്ടിനും വേണ്ടിയാകരുത് കോണ്‍ഗ്രസ് നിലപാട്. അത് കോണ്‍ഗ്രസ് നയങ്ങളുടെ അടിസ്ഥാനപരമായ വീഴ്ചയാണ്. ആപല്‍ക്കരവും ദൗര്‍ഭാഗ്യകരവുമാണ്. തിരുത്തിയേ പറ്റൂ.

ജാതി വ്യവസ്ഥയ്ക്കും സവർണ മേധാവിത്വത്തിനുമെതിരായ പോരാട്ടത്തിലെ കോൺഗ്രസിന്‍റെ നേട്ടങ്ങൾ ഇല്ലാതാക്കുന്ന നിലപാടാണ് ശബരിമല വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത് കെ.പി ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി. സ്ത്രീക്കും പുരുഷനും തുല്യനീതിയെന്നത് 1931ലെ കറാച്ചി കോൺഗ്രസ് മുതൽ പാർട്ടി മുന്നോട്ടുവെക്കുന്ന ആശയമാണെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളുടെ പേരിലാണ് യുവതി പ്രവേശനത്തെ എതിർക്കുന്നതെങ്കിൽ ഈ ആചാരങ്ങൾ എപ്പോൾ തുടങ്ങി, എവിടെനിന്നു വന്നു, എങ്ങനെ വളർന്നു എന്നീ കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നിലപാട് അന്തിമമായി സഹായിക്കുക ബി.ജെ.പിയെയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എന്തെങ്കിലും നേട്ടമുണ്ടായാല്‍ അതിനുത്തരവാദി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമായിരിക്കും. വിഷമവൃത്തത്തില്‍ നില്‍ക്കുന്ന ബി.ജെ.പിയെ കൈപിടിച്ചുകയറ്റുന്നതാകരുത് കോണ്‍ഗ്രസ് നിലപാട്.

സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുമ്പിലുള്ള ഏക പോംവഴി. ഇല്ലെങ്കില്‍ കോടതിയലക്ഷ്യമാകും. സുപ്രീം കോടതി വിധി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച് ശക്തിപ്പെടുത്താനുള്ള വഴിയാണ് കോണ്‍ഗ്രസ് സ്വീകരിക്കേണ്ടിയിരുന്നത് അദ്ദേഹം പറഞ്ഞു.