ടെക്നോപാര്‍ക്കിനു മുന്‍വശത്തുള്ള ഹോട്ടലിൽ കയറി സെക്യൂരിറ്റി ജീവനക്കാരനെ ബൈക്കിന്‍റെ ഷോക്ക്‌ അബ്സോര്‍ബര്‍ കൊണ്ട്‌ അടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

single-img
20 November 2018

കഴക്കൂട്ടം ടെക്നോപാര്‍ക്കിനു മുന്‍വശത്തുള്ള ഹോട്ടലില്‍ കയറി ബംഗാള്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനെ ബൈക്കിന്‍റെ ഷോക്ക്‌ അബ്സോര്‍ബര്‍ കൊണ്ട്‌ അടിച്ച് പരിക്കേല്‍പ്പിച്ച പ്രതികളെ കഴക്കുട്ടം ഇന്‍സ്പെകടര്‍ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തതു.

ആറ്റിപ്ര വില്ലേജില്‍ കിഴക്കുംകര പനച്ചമൂട് ക്ഷേത്രത്തിനു സമീപം തിരുവോണം വീട്ടില്‍ സച്ചു (20), ആറ്റിപ്ര വില്ലേജില്‍ പുല്ലുകാട്‌ സെറ്റില്‍മെന്റ് കോളനിയില്‍ അജി ഭവനില്‍ അമ്പിളി (23), ആറ്റിപ്ര വില്ലേജില്‍ കിഴക്കുംകര വലത്തേച്ചിറ വീട്ടില്‍ അനന്ദു (26), ആറ്റിപ്ര വില്ലേജില്‍ മണ്‍വിള ഗാന്ധി നഗറില്‍ ശിവരാജ് ഭവനില്‍ അരുണ്‍ (25) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

ടെക്നോപാര്‍ക്കിനു മുന്‍വശത്തുള്ള ഹോട്ടലില്‍ കയറി മദ്യപിച്ച ശേഷം ടി ഹോട്ടലിന് സമീപം പരസ്യമായി മൂത്രമൊഴിച്ചതിനെ സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു വിലക്കിയതിലുള്ള വിരോധത്താല്‍ സംഘം ചേര്‍ന്ന് ടി ഹോട്ടലില്‍ തിരികെയെത്തി ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സെക്യൂരിറ്റി ജീവനക്കാരനായ ബംഗാള്‍ സ്വദേശിയായ നബകുമാര്‍ റാംഗ് (25) നെ പ്രതികളില്‍ ഒരാള്‍ കയ്യില്‍ കരുതിയിരുന്ന ബൈക്കിന്‍റെ ഷോക്ക്‌ അബ്സോര്‍ബര്‍ കൊണ്ട്‌ അടിച്ച് പരിക്കേല്‍പ്പിക്കുകയും ബഹളം വയ്ക്കുകയും ഹോട്ടലിലെ മറ്റ് സന്ദര്‍ശകര്‍ക്ക് ഭീതിയുണ്ടാക്കുകയും ചെയ്തതിനു ശേഷം രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് കഴക്കുട്ടം ഇന്‍സ്പെകടര്‍ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്‍റെ നേതൃത്വത്തില്‍ സി സി ടി വി പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയും, കൃത്യത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞു വന്ന പ്രതികളെക്കുറിച്ച് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴക്കൂട്ടം ഇന്‍സ്പെകടര്‍ എസ്.എച്ച്.ഒ എസ്.വൈ സുരേഷിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ സുധീഷ്കുമാര്‍, റോയ്, എസ്.സി.പി.ഒ മാരായ ബിജു കുമാര്‍, എബ്രഹാം പെരേര, സി.പി.ഒ മാരായ ശ്യാംലാല്‍ സന്തോഷ്‌, അരുണ്‍ പ്രിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.