വ്യാജ ലൈക്കുകളേയും കമന്റുകളേയും കയ്യോടെ പിടികൂടാന്‍ ഇന്‍സ്റ്റഗ്രാം

single-img
20 November 2018

സോഷ്യല്‍മീഡിയയിലെ വ്യാജ വാർത്തകളും വ്യാജ പ്രചരണങ്ങളും ചെറുതല്ലാത്ത തലവേദനയാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്ക് നിരന്തരം സൃഷ്ടിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോഴിതാ വ്യാജ ലൈക്കുകളേയും കമന്റുകളേയും ഫോളോചെയ്യലുകളേയും നിയന്ത്രിക്കാന്‍ ഇന്‍സ്റ്റഗ്രാം തയ്യാറായിരിക്കുന്നു.

നിര്‍മ്മിത ബുദ്ധി(A.I)യുടെ കൂടി സഹായത്തിലായിരിക്കും ഇന്‍സ്റ്റഗ്രാം ഇത്തരം വ്യാജ ലൈക്കുകളേയും മറ്റും കണ്ടെത്തുക. ആപ്ലിക്കേഷനുകളുടേയും മറ്റും സഹായത്തില്‍ ഇത്തരത്തില്‍ വ്യാജ ലൈക്കുകള്‍ വര്‍ധിപ്പിക്കുന്നത് ശ്രദ്ധയില്‍ പെടുത്തുകയായിരിക്കും നിര്‍മ്മിത ബുദ്ധിയുടെ പ്രാഥമിക ചുമതല. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ അക്കൗണ്ടുകളിലെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് പാസ്‌വേഡ് മാറ്റുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും നിര്‍മ്മിത ബുദ്ധി വഴി നിര്‍ദ്ദേശം നല്‍കും.

വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നേരത്തെ തന്നെ കര്‍ശന നടപടി ഇന്‍സ്റ്റഗ്രാം സ്വീകരിച്ചിരുന്നു. അപ്പോഴും വ്യാജ ലൈക്കുകള്‍ക്കും കമന്റുകള്‍ക്കുമെതിരെ കമ്പനിയുടെ ഭാഗത്തു നിന്നും നടപടിയുണ്ടായിരുന്നില്ല. ഇതിനെതിരെ വ്യാപക വിമര്‍ശങ്ങള്‍ കൂടി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇത്തരം തട്ടിപ്പുകള്‍ തടയാനായി കൂടുതല്‍ നടപടികള്‍ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.