വിശ്വസിക്കാനായില്ല, അന്ന് ടീം ബസ് ഓടിച്ചത് എം.എസ് ധോണി; വിവിഎസ് ലക്ഷ്മണ്‍ പറയുന്നു

single-img
19 November 2018

മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ തന്റെ ആത്മകഥയില്‍ ധോണിയെക്കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ തരംഗമാവുന്നത്. അനില്‍ കുംബ്ലെയില്‍ നിന്നും ധോണി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ടീം ഹോട്ടലിലേക്ക് താരങ്ങള്‍ സഞ്ചരിച്ച ബസ് ധോണി ഡ്രൈവ് ചെയ്തതായിട്ടാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

നാഗ്പൂരില്‍ തന്റെ നൂറാം മത്സരത്തിന്റെ ഓര്‍മ്മകളില്‍ ഏറ്റവും മനോഹരമായി ലക്ഷ്മണ്‍ മനസില്‍ സൂക്ഷിക്കുന്ന ഈ സംഭവത്തെക്കുറിച്ച് ‘281 ആന്റ് ബിയോണ്ട്’ എന്ന തന്റെ ആത്മകഥയിലാണ് പ്രതിപാദിക്കുന്നത്. ടെസ്റ്റ് ടീം ക്യാപ്റ്റന്‍സി അനില്‍ കുംബ്ലെയില്‍ നിന്നും ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മത്സരത്തിന് ശേഷമായിരുന്നു സംഭവം.

ആ ലാളിത്യം തന്നെ ആകര്‍ഷിച്ചതായിട്ടും ലക്ഷ്മണ്‍ ആത്മകഥയില്‍ പറയുന്നുണ്ട്. എം.എസ് ധോണിയുടെ പക്വമായ പെരുമാറ്റവും മനസ്സാന്നിദ്ധ്യവും എടുത്തുപറയേണ്ടതാണ്. 2011ലെ ഇംഗ്ലണ്ട് പരമ്പര വരെ ജയമല്ലാതെ മറ്റൊന്നും ധോണിക്കില്ലായിരുന്നു.

ഇംഗ്ലണ്ടിനെതിരെ 4-0ത്തിന് പരമ്പര തോറ്റു, ആ വര്‍ഷം അവസാനത്തോടെ ആസ്‌ട്രേലിയക്കെതിരായ പരമ്പരയും തോറ്റു, ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയായിരുന്നു അന്ന്, എല്ലാ കളിക്കാരും അസ്വസ്ഥമായിരുന്നു, എന്നാല്‍ അവിശ്വസനീയമാം വിധം ധോണി അതിനോട് പൊരുത്തപ്പെട്ടെന്നും തോല്‍വിയില്‍ ഒരിക്കലും മറ്റുള്ളവരെ കുറ്റപ്പെടുത്തിയില്ലെന്നും ലക്ഷ്മണ്‍ എഴുതുന്നു.