ഏഴുവയസുകാരന് ട്യൂഷന്‍ അധ്യാപകന്റെ ക്രൂരമര്‍ദ്ദനം; വിരലുകളില്‍ കടിച്ചു, ചെരിപ്പ് കൊണ്ട് അടിച്ചു: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

single-img
19 November 2018

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചെരിപ്പ് കൊണ്ടും കൈകൊണ്ടും മര്‍ദ്ദിക്കുന്നതും ഇടിക്കുന്നതും വീഡിയോയില്‍ കാണാം. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു.

വീട്ടിലെത്തി ട്യൂഷനെടുക്കുന്ന അധ്യാപകന്‍ വിദ്യാര്‍ഥിയുടെ വിരലുകളില്‍ കടിക്കുന്നതും ചെരിപ്പ് കൊണ്ട് കുട്ടിയെ തല്ലുന്നതും വീഡിയോയില്‍ കാണാം. കുട്ടിയെ ചെവിയില്‍ തൂക്കിയെടുത്തും പീഡിപ്പിച്ചു. പിന്നീട് കുട്ടിയോട് ഗ്ലാസിലുള്ള വെള്ളം കുടിക്കാന്‍ പറയുകയും ചിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. സംഭവത്തില്‍ പരാതി നല്‍കുന്നതിന് മുമ്പാണ് പിതാവ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ അധ്യാപകനെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന ആവശ്യം ശക്തമായി. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍പോയ അധ്യാപകനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.