സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയിട്ടില്ല; ബന്ധുക്കളുടെ മരണശേഷം കുടുംബാംഗങ്ങള്‍ക്കുള്ള പുല 11 ദിവസം കൊണ്ട് അവസാനിക്കും; ശ്രീനാരായണ വചനം കൂട്ടുപിടിച്ച് ശ്രീധരന്‍ പിള്ള

single-img
19 November 2018

കെ. സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. കാര്യം അറിയാതെ പ്രസ്താവന നടത്തിയ മന്ത്രി മാപ്പു പറയണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ദേവസ്വം മന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല. ശ്രീനാരായണധര്‍മ്മത്തില്‍ വിശ്വസിക്കുന്ന സമുദായക്കാരനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കെ.സുരേന്ദ്രനും അതേ സമുദായക്കാരനാണ്. മരണശേഷം കുടുംബാംഗങ്ങള്‍ക്കുള്ള പുല 11 ദിവസം കൊണ്ട് അവസാനിക്കുമെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടല്ലോ.

അത് അംഗീകരിച്ച് മാപ്പ് പറയാന്‍ മന്ത്രി തയ്യാറാകണമെന്ന് താന്‍ ആവശ്യപ്പെടുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഇതുപോലെയൊരു കാര്യം പോലും അറിയാത്ത മന്ത്രിയുടെയും സര്‍ക്കാരിന്റെയും നീക്കം ശബരിമലയെ തകര്‍ക്കാനാണ് എന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.

ശബരിമലയില്‍ ശരണം വിളിച്ചതിനു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസുകാര്‍ക്കെതിരെ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകള്‍ക്കു പരാതി നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം.

പൊലീസുകാര്‍ക്കെതിരെ കോടതികളില്‍ കേസ് കൊടുക്കും. പൊലീസ് നിയമം ദുരുപയോഗം ചെയ്യുകയാണ്. പെറ്റിക്കേസ് ചുമത്തേണ്ടതിനു പകരമാണു ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുനന്ന പുത്തന്‍ വീരപ്പന്‍മാര്‍ ശബരിമലയില്‍ കൊള്ള നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അമ്മ മരിച്ച് ആറു മാസം പോലും തികയും മുമ്പാണ് കെ.സുരേന്ദ്രന്‍ ശബരിമലയില്‍ വന്നതെന്നും ഇത് ആചാരലംഘനമാണ് എന്നുമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമര്‍ശം. കഴിഞ്ഞ മാസവും സന്നിധാനത്ത് വച്ച് സുരേന്ദ്രനെ കണ്ടതാണ്. അപ്പോഴൊന്നും ആചാരം ഉണ്ടായിരുന്നില്ല.

ഒരു വിശ്വാസവും ഉള്ളവരല്ല ഇവര്‍. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വര്‍ഗീയ പ്രചരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചത്. 2018 ജൂലൈയിലാണ് സുരേന്ദ്രന്റെ അമ്മ മരിച്ചത്. കുടുംബത്തില്‍ മരണം ഒരു വര്‍ഷത്തിന് ശേഷമേ ശബരിമലയ്ക്ക് പോകാവൂ എന്നാണ് ആചാരമെന്നാണ് മന്ത്രി പറഞ്ഞത്.