കെപി ശശികലയെ ശബരിമലയിലേക്ക് കടത്തിവിട്ടു

single-img
19 November 2018

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലക്ക് ഉപാധികളോടെ ശബരിമല ദര്‍ശനത്തിന് അനുമതി. ശശികലയെ നിലയ്ക്കലില്‍ വെച്ച് എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് തടയുകയായിരുന്നു. എന്നാൽ കുട്ടികള്‍ക്ക് ചോറൂണിനായി ശബരിമലയിലേക്ക് പോകുന്നുവെന്ന് അറിയിച്ച ശശികലക്ക് ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു.

നിരോധനാജ്ഞ ലംഘിക്കുന്ന ഒന്നും ഉണ്ടാകില്ലെന്ന് പോലീസ് എഴുതി വാങ്ങി. പോലീസ് നല്‍കിയ നോട്ടീസ് ഒപ്പിട്ടു നല്‍കാന്‍ ശശികല ആദ്യം തയ്യാറായില്ല. എന്നാല്‍ ഇത് ഒപ്പിട്ടില്ലെങ്കില്‍ യാത്ര അനുവദിക്കില്ലന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് ഒപ്പിട്ട് യാത്ര തുടര്‍ന്നു. എരുമേലി ക്ഷേത്രത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്.

ആറ് മണിക്കൂറിനകം ദര്‍ശനം നടത്തി മടങ്ങണം, സംഘം ചേരുകയോ ശബരിമലയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുയോ ചെയ്യരുത്, മാധ്യമങ്ങളോട് അടക്കം പ്രകോപനപരമായി സംസാരിക്കരുത് എന്നിങ്ങനെയുള്ള ഉപാധികള്‍ അംഗീകരിച്ച ശേഷമാണ് ശശികലയും രണ്ടും കുട്ടികളും അടങ്ങുന്ന സംഘം ശബരിമലയിലേക്ക് തിരിച്ചത്. ഈ ഉപാധികള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല ദര്‍ശനത്തിനെത്തിയ ശശികലയെ ശനിയാഴ്ച്ച പുലര്‍ച്ചെ 01.30ന് മരക്കൂട്ടത്തുവെച്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച്ച ഹിന്ദു ഐക്യവേദി ബി.ജെ.പി പിന്തുണയോടെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പിന്നീട് തിരുവല്ല ആര്‍.ഡി.ഒ ശശികലക്ക് ജാമ്യം അനുവദിച്ചു. ശബരിമലയില്‍ ശശികലയുടെ നേതൃത്വത്തില്‍ മുമ്പ് നടന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് കരുതല്‍ തടങ്കലിലാക്കിയതെന്നാണ് പോലീസ് പറയുന്നത്.