100 കോടി വാഗ്ദാനം മാത്രം; കിട്ടിയത് 18 കോടി; കണ്ണന്താനത്തിന്റെ വാദങ്ങള്‍ പൊളിച്ചടുക്കി കടകംപള്ളി സുരേന്ദ്രന്‍

single-img
19 November 2018

ശബരിമല വികസനത്തിന് കേന്ദ്രം അനുവദിച്ച ഫണ്ട് ഉപയോഗിച്ചില്ലെന്ന കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആരോപണത്തിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. ഹൈക്കോടതി നിര്‍ദേശാനുസരണമുള്ള ഹൈകോര്‍ കമ്മിറ്റിയുടെ കീഴിലെ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതെന്ന് മന്ത്രി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയിലേക്ക് കേന്ദ്രം ഇതുവരെ അനുവദിച്ചത് 18 കോടി മാത്രമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. 100 കോടി വാഗ്ദാനമുണ്ട്. 2019 ജൂലൈവരെയാണ് പദ്ധതി കാലയളവ്. തന്നേക്കാള്‍ ബുദ്ധിയും അറിവും ഉള്ളയാളാണ് അദ്ദേഹം. കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിക്കണം- മന്ത്രി പറഞ്ഞു.

100 ഓളം പദ്ധതികള്‍ അവര്‍ മുന്നോട്ടുവെച്ച പ്രപ്പോസലില്‍ ഉണ്ട്. ഓരോ പദ്ധതിയുടെയും ചിലവ് എത്രയെന്ന് നോക്കാതെയാണ് അവര്‍ പണം കണക്കാക്കിയത്. പമ്പയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ 20 കോടിയാണ് അനുവിച്ചത്. ആ പദ്ധതിക്ക് 65 കോടി രൂപയെങ്കിലും വേണം.

ഇതൊക്കെ സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കേണ്ടതാണ്. അതും അദ്ദേഹം മനസിലാക്കിയിട്ടില്ല. കേന്ദ്രം അനുവദിച്ച 20 കോടിയോടൊപ്പം കിഫ്ബിയില്‍ നിന്ന് 45 കോടി രൂപ എടുത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് വേണ്ടി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അത് അദ്ദേഹത്തിന് അന്വേഷിച്ചാല്‍ മനസിലാകും.

പടിതുറൈ എന്ന പദ്ധതിയാണ് അടുത്തത്. പടികള്‍ വയ്ക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. 9 ഡിപാര്‍ട്‌മെന്റുകളുടെ സഹകരണം വേണം. വാട്ടര്‍ ലൈന്‍ മാറ്റണം, സിസി ടിവി മാറ്റണം അണ്ടര്‍ ലൈന്‍ മാറ്റണം, പമ്പിങ് ലൈന്‍ മാറ്റണം, ആശുപത്രിയടെ സമീപത്തോടെയാണ് കടന്നുപോകുന്നത്. അതിനുള്ള നടപടികള്‍ നോക്കണം.

15 കോടിയാണ് കേന്ദ്രം ഈ പദ്ധതിക്ക് കണക്കാക്കിയത്. അത്രയും പണം കൊണ്ട് ആ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. എങ്കിലും സര്‍ക്കാര്‍ കോഡിനേഷന്‍ കമ്മിറ്റി ഉണ്ടാക്കി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മണ്ഡലകാലം കഴിഞ്ഞാല്‍ പ്രവര്‍ത്തനം തുടങ്ങും. അവരുടെ പ്ലാന്‍ അനുസരിച്ച് നടത്തണമെങ്കില്‍ ഏഴ് മാസമെങ്കിലും വേണം.

പമ്പയില്‍ നടത്തിയ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രളയത്തില്‍ നഷ്ടമായിട്ടുണ്ട്. 18 കോടി രൂപ മാത്രം അനുവദിച്ച് 100 കോടി രൂപ കേന്ദ്രം നല്‍കിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു. നേരത്തെ,
കേന്ദ്രം 100 കോടി അനുവദിച്ചെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം പറഞ്ഞിരുന്നു.

കേന്ദ്രം ശബരിമല വികസനത്തിന് അനുവദിച്ച 100 കോടി രൂപ സംസ്ഥാനം ചെലവഴിച്ചോ എന്ന് വിലയിരുത്താനാണ് കണ്ണന്താനത്തിന്റെ സന്ദര്‍ശനം എന്നാണ് ഔദ്യോഗിക വിശദീകരണം. കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും ശബരിമലയിലെത്തിച്ച് പുതിയ സമരമുഖം തുറക്കണമെന്ന ആവശ്യപ്പെട്ട് ബിജെപി കേന്ദ്രസര്‍ക്കാരിനും ബിജെപി ദേശീയ നേതൃത്വത്തിനും കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു.

ശബരിമലയില്‍ നിരോധനാജ്ഞയുടെ ആവശ്യമില്ലെന്നും നാമജപ യജ്ഞം നടത്തുന്നവരെല്ലാം ഭീകരരാണെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും അദ്ദേഹം നിലയ്ക്കലില്‍ പറഞ്ഞു. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായും അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തി. ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് ഉള്ളത്. ശബരിമലയെ യുദ്ധഭൂമിയാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചിരുന്നു.