ജെറ്റ് എയര്‍വേസിന്റെ പത്ത് സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു

single-img
19 November 2018

യാത്രക്കാരെ വലച്ച് ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് ജെറ്റ് എയര്‍വേയ്‌സ് റദ്ദ് ചെയ്തത്. സാങ്കേതിക കാരണങ്ങള്‍ മൂലം സര്‍വ്വീസ് നടത്താനാവില്ലെന്നാണ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്.

ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയത്. യാത്രക്കാര്‍ക്ക് നേരിട്ട പ്രതിസന്ധിയില്‍ ജെറ്റ് എയര്‍വേസ് ഖേദം രേഖപ്പെടുത്തി. സാങ്കേതിക കാരണങ്ങളെന്ന് അധികൃതര്‍ പറയുമ്പോഴും പൈലറ്റുമാരുടെ അപര്യാപ്തതയാണ് പ്രശ്‌നത്തിന് കാരണമെന്നാണ് എയര്‍ലൈന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ശമ്പളവ്യവസ്ഥയില്‍ അവഗണന തുടര്‍ന്നതോടെ ജെറ്റ് എയര്‍വേയ്‌സില്‍ നിന്ന് പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവച്ചതായാണ് വിവരം. കൃത്യസമയത്ത് ശമ്പളം നല്‍കാനും അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. പലരും ഇരട്ടിസമയം ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.