കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്‍പില്‍ പ്രതിഷേധിച്ച നാലുപേര്‍ അറസ്റ്റില്‍; കണ്ണൂരില്‍ കടകംപള്ളിക്ക് കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരും അറസ്റ്റില്‍

single-img
19 November 2018

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്‍പില്‍ നിന്നാണ് ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

മാവൂര്‍ റോഡില്‍വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് പ്രവര്‍ത്തകര്‍ കൊടികളുമായി എത്തുകയായിരുന്നു. പോലീസ് ഒരുക്കിയ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നായിരുന്നു പ്രതിഷേധം. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലും കരിങ്കൊടിയുമായി ഏതാനും പേര്‍ എത്തിയിരുന്നു. എന്നാല്‍ പോലീസ് ഇടപെട്ടതിനാല്‍ പ്രതിഷേധം നടത്താനായില്ല. മുഖ്യമന്ത്രിയുടെ പരിപാടിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ വലിയ സുരക്ഷാ ക്രമീകരണമായിരുന്നു പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി കാണിക്കാനുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. കരിങ്കൊടിയുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ കണ്ണൂരില്‍ ട്രെയിനിറങ്ങുമ്പോള്‍ തന്നെ മന്ത്രിക്ക് കരിങ്കൊടി കാണിക്കുമെന്ന സൂചനയെ തുടര്‍ന്ന് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.