യുവതിയുടെ നഗ്‌നചിത്രങ്ങളും ഫോണ്‍നമ്പറും അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രചരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

single-img
19 November 2018

ഭാര്യയുടെ നഗ്‌നചിത്രങ്ങളും ഫോണ്‍നമ്പറും അശ്ലീല വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലെ സ്വകാര്യസ്ഥാപനത്തില്‍ അസോസിയേറ്റ് റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന 38കാരനെയാണ് നോയിഡ സെക്ടര്‍ 20 പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്.

നവംബര്‍ 13നാണ് പ്രതിയുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. തന്റെ ഫോണിലേക്ക് നിരന്തരമായി അശ്ലീലചിത്രങ്ങളും വീഡിയോകളും അയക്കുന്നുണ്ടെന്നും, തന്റെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഭര്‍ത്താവ് ഒളിവില്‍ പോയി.

പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കഴിഞ്ഞദിവസം ഇയാള്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതോടെ പോലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. പ്രതിയില്‍നിന്ന് രണ്ട് സിംകാര്‍ഡുകളും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ഇതില്‍ ഒരു ഫോണും സിംകാര്‍ഡുമാണ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചത്. 2011ല്‍ പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും കഴിഞ്ഞ പത്തുമാസമായി ഒരുമിച്ചല്ല താമസമെന്നും ഇതിനിടെയാണ് പ്രതി അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.