സന്നിധാനത്ത് കൂട്ട അറസ്റ്റ്

single-img
19 November 2018

ശബരിമലയുടെ ചരിത്രത്തിലെങ്ങുമില്ലാത്ത പൊലീസ് നടപടിക്കാണ് ഇന്നലെ രാത്രി സന്നിധാനം വേദിയായത്. രാത്രി 10.25 , നട അടക്കാൻ അര മണിക്കൂർ മാത്രമുള്ളപ്പോളാണ് സംഘർഷാവസ്ഥയുടെ തുടക്കം. വിവിധയിടങ്ങളിലായി തമ്പടിച്ചിരുന്ന അൻപതിലേറെ പേരടങ്ങിയ സംഘം നാമം ജപിച്ച് നടപ്പന്തലിലേക്ക് നീങ്ങി. വിശ്രമിക്കാൻ ആരെയും പൊലീസ് അനുവദിക്കാതിരുന്ന നടപ്പന്തലിരുന്ന് നാമജപം തുടർന്നു.

പിരിഞ്ഞ് പോകണമെന്ന് പൊലീസ് അവശ്യപ്പെട്ടപ്പോൾ ഹരിവരാസനം കഴിഞ്ഞ് പോകാമെന്നറിയിച്ചു. ഇതിന് ശേഷം തിരിച്ച് പോകാൻ തുടങ്ങിയതോടെ ,എസ്.പി പ്രതീഷ് കുമാറെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകിയ ചിലരെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു . ഇതൊടെ ബഹളമായി.

നടപ്പന്തലിലെ സംഘർഷം ഒഴിവാക്കാൻ ആദ്യം പൊലീസ് പിൻമാറിയെങ്കിലും വീണ്ടും അറസ്റ്റിന് തയാറായി. ഒരാളെ മാത്രമല്ല ,എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നായി പ്രതിഷേധക്കാർ.

ഒടുവിൽ കൂട്ട അറസ്റ്റിന് പൊലീസ് തീരുമാനമെടുത്തു. അറസ്റ്റിന് വഴങ്ങാൻ തയാറായെങ്കിലും നെയ്യഭിഷേകത്തിനായി നാളെ വരെ സന്നിധാനത്ത് തങ്ങണമെന് ആവശ്യപ്പെട്ടു. ഇത് പൊലീസ് അംഗീകരിച്ചില്ല.

കുത്തിയിരുന്ന് അറസ്റ്റ് ചെറുക്കാൻ ശ്രമിച്ചവരെ ബലം പ്രയാഗിച്ച് കീഴടക്കി. സംഘർഷത്തിനിടെ നിലത്ത് വീണ് ഒരാൾക്ക് പരുക്കേറ്റു. ഒടുവിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പമ്പയിലേക്ക്. നിരോധനാഞ്ജ ലംഘിച്ചതിനൊപ്പം പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന ജാമ്യമില്ലാ കുറ്റവും ചുമത്തി.