ഒടുവില്‍ അമ്പിളി കൈക്കുഞ്ഞുമായി പരീക്ഷയെഴുതി; വിജയിക്കുമെന്ന ഉറപ്പില്‍

single-img
19 November 2018

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ യുവതിയെ കണ്ട് അധ്യാപകര്‍ ആദ്യം ഒന്ന് അമ്പരന്നു. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇരുമ്പനം സ്വദേശിനിയായ അമ്പിളി കെ. ചാലിലാണ് പ്ലസ്ടു തുല്യതാ പരീക്ഷയ്ക്ക് എത്തിയത്.

പരീക്ഷ എഴുതുമ്പോള്‍ ഹാളിന് മുന്നില്‍ കുഞ്ഞിനെ നോക്കാമെന്ന് ബന്ധുവായ യുവതി അമ്പിളിയോട് പറഞ്ഞിരുന്നു. എന്നാല്‍ പലയിടത്തും ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്നു ബന്ധുവിനു സമയത്ത് എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കുഞ്ഞുമായി അമ്പിളി പരീക്ഷാ ഹാളില്‍ കയറിയത്.

അമ്പിളിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ സ്‌കൂള്‍ അധികൃതര്‍ കുഞ്ഞിനു കിടക്കാനുള്ള ഷീറ്റ് നല്‍കി. പരിപാലനവും അവര്‍ ഏറ്റെടുത്തതോടെ അമ്പിളി മനഃസമാധാനത്തോടെ പരീക്ഷ എഴുതി. പരീക്ഷ എളുപ്പമായിരുന്നെന്ന് അമ്പിളി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 1.30 മുതല്‍ 4.15 വരെ മലയാളം പരീക്ഷയാണു നടന്നത്.