‘ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ?’മോദിയെ സംവാദത്തിന് വെല്ലുവിളിച്ച്‌ രാഹുല്‍

single-img
18 November 2018

റായ്‌പൂര്‍: റഫേല്‍ വിവാദത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമ‌ര്‍ശനം ഉന്നയിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ അഴിമതി സംബന്ധിച്ച്‌ താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മോദിക്ക് സാധിക്കില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ ഞാനുമായി റാഫേല്‍ കരാറില്‍ 15 മിനിറ്റ് സംവാദം നടത്താന്‍ മോദിയെ ഞാന്‍ വെല്ലുവിളിക്കുന്നു. മോദിജി പറയുന്ന സമയത്ത് പറയുന്ന ഇടത്ത് സംവാദത്തിന് തയ്യാറാണ്. അനില്‍ അംബാനിയുടെ എച്ച്.എ.എല്ലിനെയും ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനകളേയും ജെറ്റുകളുടെ വിലവിവരങ്ങളേയും കുറിച്ച് ഞാന്‍ സംസാരിക്കും. പ്രധാനമന്ത്രിയാണ് ഇതെല്ലാം ചെയ്തതെന്ന് പ്രതിരോധ മന്ത്രി വ്യക്തമായി പറഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. പുലര്‍ച്ചെ രണ്ടുമണിക്കാണ് സി.ബി.ഐ ഡയറക്ടറെ മാറ്റിയത്. പ്രധാനമന്ത്രിക്ക് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ല.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

15 വര്‍ഷമായി ഛത്തീസ്ഗഡ് ഭരിക്കുന്ന ബി.ജെ.പി സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഈ ഒഴിവുകള്‍ പൂ‌ര്‍ണമായും നികത്തുമെന്നും, ജോലി പുറം കരാര്‍ ന‌ല്‍കുന്നത് അവസാനിപ്പുക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. ഛത്തീസ്ഗഡ് രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 20ന് നടക്കും.