അവര്‍ അവളെ കൊല്ലും,കെവിൻ മോഡൽ ദുരഭിമാനക്കൊല ആവര്‍ത്തിക്കാതിരിക്കാൻ സഹായം തേടി ഹരിപ്പാട് സ്വദേശി

single-img
18 November 2018

കെവിന്‍ മോഡല്‍ ദുരഭിമാനക്കൊല ആവര്‍ത്തിക്കാതിരിക്കാന്‍ സഹായം തേടി ഹരിപ്പാട് സ്വദേശിയായ യുവാവ് പോലീസിനെ സമീപിച്ചു. ഹരിപ്പാട് സ്വദേശിയായ എഡ്വിന്‍ ആണ് തന്‍റെ തമിഴ്നാട്ടുകാരിയായ പ്രണയിനിയുടെ ജീവന്‍ രക്ഷിക്കാനായി സഹായം അഭ്യര്‍ത്ഥിച്ച് വീയപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നാഗര്‍കോവില്‍ സ്വദേശിനി ആയ പെണ്‍കുട്ടിയെ സ്‌നേഹിച്ചു രജിസ്റ്റര്‍ വിവാഹം കഴിച്ച എഡ്വിനെ വിടാതെ പിന്‍ തുടരുക ആണ് പെണ്‍കുട്ടിയുടെ കുടുംബം. മകളെ കാണാനില്ല എന്ന് നാഗര്‍കോവില്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തമിഴ്‌നാട് പോലീസ് കേരളത്തിലെത്തി പെണ്‍കുട്ടിയുമായി നാഗര്‌കോവിലിലേക്ക് പോവുകയും ചെയ്തു.

സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയില്‍ ഉള്ള പെണ്‍കുട്ടിയുടെ കുടുംബത്തിന് രാഷ്ട്രീയക്കാരുമായി വലിയ അടുപ്പമാണുള്ളത്. ഒരിക്കലും പെണ്‍കുട്ടിയെ എഡ്വിന്റെ കൂടെ താമസിക്കാന്‍ അനുവദിക്കില്ല എന്ന നിലപടില്‍ ഉറച്ചു നില്‍ക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. കഴിഞ്ഞ ദിവസം തമിഴ്നാട് പോലീസുമായി വന്ന പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ബലം പ്രയോഗിച്ചു കുട്ടിയെ പിടിച്ചു കൊണ്ട് പോയി. ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പോലീസുമായി ഉന്തും തള്ളലും ഉണ്ടായതിനെ തുടര്‍ന്ന് എഡ്വിനെ കായം കുളം പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെങ്കിലും പിന്നീട് വിട്ടയച്ചു.

 

https://www.facebook.com/edwin.philip1/videos/1943881839021591/

”അവര് അവളെ കൊല്ലും എന്നും തന്നെയും അവളെയും ആരെങ്കിലും രക്ഷിക്കണം”- എഡ്വിന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയെ കാണാനില്ല എന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ ഹാജരാക്കി നിലപാട് അറിയാന്‍ കൊണ്ട് പോവുക മാത്രമാണ് ചെയ്തത് എന്നും കേരളത്തില്‍ നിന്നും രണ്ടു വനിതാ പോലീസും കൂടെ പോയിട്ടുണ്ടെന്നും ഇത് സാധാരണ നടപടി മാത്രമെന്നും വിയപുരം പോലീസ് പറഞ്ഞു.