മീററ്റ‌ിന്റെ പേര് ‘ഗോഡ്സെ നഗര്‍’ എന്നാക്കണം: യോഗി ആദിത്യനാഥിനോട് ഹിന്ദു മഹാസഭ

single-img
18 November 2018

ലക്നൗ: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം ഗോഡ്സെയ്ക്കുളള ആദരസൂചകമായി മീററ്റിന്‍റെ പോര് ഗോഡ്സെ നഗര്‍ എന്നാക്കണമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് ഹിന്ദു മഹാസഭ ഇക്കാര്യം ആവശ്യപ്പെട്ടത്.

അലഹബാദിന്‍റെ പേര് പ്രയാഗ്‍രാജ് എന്നാക്കിയതിന് പിന്നാലെ ഗാസിയാബാദിന്‍റെ പേര് ദിഗ്‍വിജയ് നഗര്‍, ഹപുറിന്‍റെ പേര് അവൈദ്യനാഥ് എന്നാക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ട ഗോഡ്‌സെയേയും നാരായണ്‍ ആപ്‌തെയേയും തങ്ങള്‍ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നതായി ഹിന്ദു മഹാസഭ നേതാക്കള്‍ പറയുന്നു. ഇരുവരേയും തൂക്കിലേറ്റിയ ദിവസമായ നവംബര്‍ 15നാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ അധ്യക്ഷന്‍ നരേന്ദ്ര തോമര്‍ ആണ് ഈ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. എല്ലാ വര്‍ഷവും നവംബര്‍ 15 ‘ബലിദാന്‍ ദിവസ്’ ആയാണ് ഹിന്ദുമഹാസഭ ആചരിക്കുന്നത്. ഇരുവര്‍ക്കും വേണ്ടി പൂജകള്‍ സംഘടിപ്പിച്ചു.

1949 നവംബര്‍ 15നാണ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥൂറാം ഗോഡ്സെയെയും നാരായണ്‍ ആപ്തെയെയും തൂക്കിലേറ്റിയത്. സവര്‍ക്കറുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യരായിരുന്നു ഇരുവരുമെന്നും വധശിക്ഷ വിധിച്ചിട്ടും അതിനെ എതിര്‍ക്കാതിരുക്ക ചരിത്രത്തിലെ മഹാന്മാരാണ് ഇരുവരുമെന്നും ഹിന്ദു മഹാസഭ പ്രസ് റിലീസില്‍ പറഞ്ഞു.