“അമ്മ മരിച്ചതിന് നാല് മാസം തികയും മുന്‍പാണ് കെ.സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത്;വിശ്വാസിയായി ഒരാള്‍ അങ്ങനെ ഒരിക്കലും ചെയ്യില്ല”

single-img
18 November 2018

തിരുവനന്തപുരം: കെ സുരേന്ദ്രന്‍ പറഞ്ഞത് കള്ളമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കെ. സുരേന്ദ്രന് പോലീസ് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും കടകംപള്ളി .പൊലീസ് മര്‍ദിച്ചു എന്ന് നേരത്തെ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

വെള്ളം നല്‍കിയില്ല, മരുന്ന് കഴിക്കാന്‍ അനുവദിച്ചില്ല എന്നൊക്കെയുള്ള ആരോപണങ്ങള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ മന്ത്രി, പോലീസ് സുരേന്ദ്രന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കിയിരുന്നുവെന്നും വ്യക്തമാക്കി. സ്റ്റേഷനിലെത്തിച്ച ശേഷം അദ്ദേഹത്തിന് ആഹാരം നല്‍കിയിരുന്നു. മരുന്ന് കഴിക്കാനും ഉറങ്ങാനുമുള്ള സൗകര്യങ്ങളും പോലീസ് ഉദ്യോസ്ഥര്‍ ചെയ്ത് നല്‍കിയിരുന്നു- മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അമ്മ മരിച്ചതിന് നാല് മാസം തികയും മുന്‍പാണ് കെ.സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത്.അമ്മ മരിച്ചാല്‍ ഒരു വര്‍ഷം പുലയാണ്. ആ പുല മാറാതെ ശബരിമല സന്നിധാനത്തെത്തി ശ്രീകോവിലിന് മുന്നില്‍ നിന്നയാളാണ് സുരേന്ദ്രന്‍. ഇവര്‍ വിശ്വാസികളല്ല. ഇവര്‍ക്ക് വിശ്വാസവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.നിയന്ത്രണം ലംഘിച്ച്ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഇന്നലെ നിലയ്ക്കിലില്‍ വെച്ചാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.