‘ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് ദുല്‍ഖര്‍ വിളിച്ചു പറഞ്ഞു; ‘ലാലുവേട്ടാ എനിക്ക് ഈ സിനിമ ചെയ്യാന്‍ പറ്റുമെന്ന് തോന്നണില്ല; ആകെ ടെന്‍ഷന്‍ ആണ്’

single-img
18 November 2018

ദുൽഖർ സൽമാൻ അഭിനയിച്ച പ്രധാനപ്പെട്ട ചിത്രമാണ് വിക്രമാദിത്യന്‍. എന്നാല്‍ തിരക്കഥ വായിച്ച ശേഷം ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ആദ്യം പറഞ്ഞിരുന്നതായി സംവിധായകന്‍ ലാല്‍ജോസ് വെളിപ്പെടുത്തി. നായികാനായകന്‍ എന്ന പരിപാടിയിലായിരുന്നു ലാല്‍ ജോസിന്റെ തുറന്നുപറച്ചില്‍. സിനിമയുടെ സ്‌ക്രിപ്റ്റ് ദുല്‍ഖറിനെ വായിച്ചുകേള്‍പ്പിച്ചു. അദ്ദേഹത്തിനു കഥയും ഇഷ്ടമായി. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് ദുല്‍ഖര്‍ വിളിച്ചു പറഞ്ഞു. ‘ലാലുവേട്ടാ എനിക്ക് ഈ സിനിമ ചെയ്യാന്‍ പറ്റുമെന്ന് തോന്നണില്ല. ആകെ ടെന്‍ഷന്‍ ആണ്. ഞാന്‍ ഈ സിനിമ ചെയ്യുന്നില്ല.’

എല്ലാ സെറ്റപ്പും ഞാന്‍ അപ്പോള്‍ റെഡിയാക്കി കഴിഞ്ഞിരുന്നു. ആളുകള്‍ക്ക് അഡ്വാന്‍സ് കൊടുത്തു, പാട്ട് കംപോസ് ചെയ്തു. ഇതു ചെയ്യാന്‍ തനിക്ക് കോണ്‍ഫിഡന്‍സ് ഇല്ലെന്നായിരുന്നു ദുല്‍ഖര്‍ പറയുന്നത്. കഥയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടാണോ എന്ന് ഞാന്‍ ദുല്‍ഖറിനോടു ചോദിച്ചു. എന്നാല്‍ കഥ നല്ലതാണെന്നായിരുന്നു മറുപടി. തിരക്കഥയുടെ കുഴപ്പമാണോ എന്നുചോദിച്ചപ്പോള്‍ അതിന്റെയും അല്ലെന്നു പറഞ്ഞു. സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് ആലോചിച്ചിട്ടാണ് ടെന്‍ഷനാകുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

അമ്മയാണ് എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ നിന്നും വന്ന നോട്ടിഫിക്കേഷന്‍ മറച്ചുവെച്ച് തന്റെ അവസരം നഷ്ടപ്പെടുത്തിയതെന്ന് ആദിത്യന്‍ അറിയുന്ന രംഗമുണ്ട്. അതു അറിഞ്ഞ ശേഷം മരിച്ചുപോയ അച്ഛന്റെ യൂണിഫോം ധരിച്ച് അമ്മയ്ക്കു മുന്നില്‍ വന്ന് ഡയലോഗ് പറയുന്നതാണ് സീന്‍. അതുകഴിഞ്ഞാണ് ആ കഥാപാത്രം നാടുവിടുന്നത്. ആ രംഗമാണ് ദുല്‍ഖറിനെ അലട്ടിയത്. താന്‍ എത്ര ആലോചിച്ചിട്ടും അതെങ്ങനെ ചെയ്യണമെന്ന് പിടികിട്ടുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. അപ്പോഴാണ് എനിക്ക് സമാധാനമായത്. ‘നിനക്ക് പിടികിട്ടണ്ട, നീ ഇങ്ങുവന്നാല്‍ മതി പിടികിട്ടിച്ച് തരാമെന്നു’പറഞ്ഞു.

വളരെ തന്മയത്വത്തോടെ ആ രംഗം ചെയ്യുന്നതെങ്ങനെയെന്ന് ദുല്‍ഖറിന് വിവരിച്ചു നല്‍കിയെന്നും ലാല്‍ ജോസ് പറയുന്നു. അമ്മ ഇത്രയും വലിയൊരു ചതി നിന്നോട് ചെയ്തിരിക്കുന്നു. അച്ഛന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം അമ്മയാണെന്നു തോന്നുന്ന അവസ്ഥയില്‍ നില്‍ക്കുന്ന മകന്‍. അതു മനസ്സില്‍ ഉള്‍ക്കൊള്ളാന്‍ പറഞ്ഞു. അകത്തുപോയി വാതില്‍ അടച്ചുനില്‍ക്കുക, ആ ഷര്‍ട്ട് ധരിച്ച് പുറത്തുവന്ന് അമ്മയുടെ മുഖത്ത് നോക്കുമ്പോള്‍ നിനക്ക് എന്താണോ തോന്നുന്നത് അത് അഭിനയിക്കുക. ഇതാണ് ദുല്‍ഖറിനുപറഞ്ഞുകൊടുത്തത്. ആ ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ ആയിരുന്നു. കാരണം അത് രണ്ടാമതൊരു ടേക്കിലേയ്ക്കുപോകാന്‍ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ദുല്‍ഖര്‍ അഭിനയിക്കുമ്പോള്‍ തന്നെ സ്വാഭാവികമായി കരയുകയും മറ്റും ചെയ്തിരുന്നു.-ലാല്‍ ജോസ് പറഞ്ഞു.