വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയുടെ ദേഹത്ത് ചുവപ്പ് പെയിന്റടിച്ചു;സിപിഎം പ്രവർത്തകർക്കെതിരെ കേസ്.

single-img
18 November 2018

കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ നേര്‍ക്ക് സിപിഎം പ്രവര്‍ത്തകരുടെ അതിക്രമം. വീട്ടമ്മയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തകര്‍ ചുവപ്പ് പെയിന്റ് ഒഴിച്ചതായാണ് പരാതി. ബിജെപി പ്രവര്‍ത്തകന്‍ ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിത(43)യുടെ നേരെയാണ് അക്രമം ഉണ്ടായത്.വാളുമായി എത്തിയ അക്രമികൾ രജിത‌യുടെ കഴുത്തിലെ രണ്ടു പവൻ സ്വർണമാല അപഹരിച്ചതായും ബിജെപി നേതൃത്വം ആരോപിച്ചു.

പരിക്കേറ്റ വീട്ടമ്മയെ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എരഞ്ഞോളി പാലത്തിനടുത്ത് ചുവരെഴുത്തിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ പൊലീസ് കേസെടുത്തു.

പ്രദേശത്ത് എഎസ്പി ചൈത്ര തെരേസ ജോൺ, സിഐ: എം.പി. ആസാദ്, എസ്ഐ: എം.അനിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. കൊടിമരം തകർത്തതുമായി ബന്ധപ്പെട്ട് എരഞ്ഞോളി പാലത്ത് നേരത്തെ ഇരുകക്ഷികളും തമ്മിൽ സംഘർഷം നിലനിന്നിരുന്നു.