കെ സുരേന്ദ്രന്‍ 14 ദിവസത്തെ റിമാന്‍റില്‍;അയ്യപ്പന് വേണ്ടി ജയിലില്‍ കിടക്കുന്നതിലും സന്തോഷമുണ്ടെന്ന് സുരേന്ദ്രന്‍

single-img
18 November 2018

കൊട്ടാരക്കര: നിലയ്ക്കലില്‍ വച്ച്‌ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു കൊട്ടാരക്കര സബ്ജയിലില്‍ എത്തിച്ചു . ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു കെ സുരേന്ദ്രന്റെ അറസ്റ്റ്.

ശബരിമലയില്‍‌ പോകാനെത്തിയ തന്നെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്‍റെ പ്രതികാര നടപടിയുടെ ഭാഗമാണെന്ന് റിമാന്‍ഡിലായ കെ.സുരേന്ദ്രന് പറഞ്ഞു‍. രാഷ്ട്രീയ പ്രേരിതമാണ് ഈ നടപടികള്‍. പൊലീസിനെ കൊണ്ട് സിപിഎം ചെയ്യിക്കുന്നതാണ് ഇതെല്ലാം. ജയിലില്‍ പോകുന്നതിന് യാതൊരു മടിയുമില്ലന്നും ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ഞാന്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലയ്ക്കലില്‍ വച്ച്‌ അറസ്റ്റിലായതു മുതല്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നത്. അറസ്റ്റ് ചെയ്ത് തന്നെ ചിറ്റാര്‍ സ്റ്റേഷനിലെത്തിച്ച പോലീസ് കുടിക്കാന്‍ വെള്ളംപോലും തന്നില്ലെന്നും മര്‍ദ്ദിച്ചെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പൊലീസ് മര്‍ദിച്ചതിന്റെ ലക്ഷണമാണല്ലോ ഇതെല്ലാമെന്ന് തന്റെ ശരീരം കാണിച്ച്‌ സുരേന്ദ്രന്‍ ചോദിച്ചു. പവിത്രമായ ഇരുമുടിക്കെട്ട് ജയിലില്‍ സൂക്ഷിക്കാനും രണ്ട് നേരം പ്രാര്‍ഥന നടത്താനുമുള്ള അനുമതി നല്‍കിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കും. രാവിലെ 10 മണി മുതല്‍ ഒന്നര മണിക്കൂര്‍ ഹൈവേകളില്‍ വാഹനങ്ങള്‍ തടയുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.