സംവിധായകന്‍ ശ്രീകുമാര്‍ മേനോന് കോടതിയിൽ തിരിച്ചടി

single-img
17 November 2018

എം.ടി. വാസുദേവൻ നായരുടെ വിഖ്യാത നോവൽ രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിനെതിരേയുള്ള കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നും കോഴിക്കോട് അഡിഷണൽ മുൻസീഫ് കോടതി അറിയിച്ചു. കേസ് അടുത്ത മാസം ഏഴാം തിയ്യതി വീണ്ടും പരിഗണിക്കും

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചേല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായരാണ് കേസ് ഫയല്‍ ചെയ്തത്. നിശ്ചിത സമയത്ത് ചിത്രം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ തിരക്കഥ തിരിച്ചു തരണമെന്നാണ് എം.ടിയുടെ ആവശ്യം.

ശ്രീകുമാര്‍ മേനോനുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് എം.ടി.യുടെ നിലപാടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശിവ രാമകൃഷ്ണന്‍, നേരത്തെ പറഞ്ഞിരുന്നു. ശ്രീകുമാര്‍ മേനോനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് എം.ടി.യെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും, സംവിധായകനുമായി മുന്നോട്ട് പോകാന്‍ കഥാകൃത്തിന് താൽപര്യമില്ലെന്നും ശിവരാമകൃഷ്ണന്‍ അറിയിച്ചു. കരാറുപ്രകാരമുള്ള സമയം കഴിഞ്ഞപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും ശ്രീകുമാര്‍ മേനോന്‍ മറുപടി നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് കേസിനു പോയത്.

രണ്ടാമൂഴം സിനിമയാക്കുകയെന്നതു എം ടിയുടെ ജീവിതാഭിലാഷമാണ്. അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ശിവ രാമകൃഷ്ണന്‍ വ്യക്തമാക്കി. ഒക്ടോബര്‍ 11 നാണ് ഇതിഹാസ നോവലായ ‘രണ്ടാമൂഴം’ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തില്‍നിന്ന് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നതായി റിപ്പോട്ടുകള്‍ പുറത്തു വന്നത്. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നതാണ് തിരക്കഥാകൃത്തുകൂടിയായ എം ടിയെ പിന്തിരിപ്പിച്ചതെന്ന് റിപ്പോട്ടില്‍ പറയുന്നു.