ശശികലയെ സന്നിധാനത്ത് എത്തിച്ചില്ലെങ്കില്‍ നാളെ കേരളം സ്തംഭിക്കും: മുന്നറിയിപ്പുമായി പ്രവര്‍ത്തകര്‍

single-img
17 November 2018

പൊലീസ് കസ്റ്റഡിയിലുള്ള ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെ തിരികെ മരക്കൂട്ടത്ത് എത്തിക്കണമെന്ന് ശബരിമല കര്‍മസമിതി. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നാളെ കേരളം സ്തംഭിപ്പിക്കുമെന്നും പ്രവർത്തകർ താക്കീത് നൽകി.

നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ശശികലെയ അറസ്റ്റ് ചെയ്തത്. പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളിച്ച്‌ രാത്രി മല കയറിയ ശശികലയെ കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിര്‍ത്തിയ ശേഷം ഇരുമുടിക്കെട്ടുമായാണ് അറസ്റ്റ് ചെയ്തത്.

ശശികലയെ തിരുവല്ല കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കരുതല്‍ തടങ്കലിലെടുത്ത ശശികലയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്‌ക്കാമെന്ന് പൊലീസ് ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു. എന്നാല്‍ തന്നെ പൊലീസുകാര്‍ ശബരിമലയില്‍ എത്തിക്കണമെന്ന നിലപാടില്‍ ശശികല ഉറച്ച്‌ നിന്നതോടെയാണ് കോടതിയില്‍ ഹാജരാക്കുന്നത്. കോടതിയില്‍ നിന്നും ജാമ്യമെടുത്ത് ശശികലയ്‌ക്ക് ശബരിമലയിലേക്ക് പോകാവുന്നതാണെന്നും പൊലീസ് അറിയിച്ചു.