നിലയ്ക്കലില്‍ എത്തിയ കെ സുരേന്ദ്രനെ പോലീസ് തടഞ്ഞു; വെടിവെപ്പുണ്ടായാലും ശബരിമലയിലേക്ക് പോകുമെന്ന നിലപാടില്‍ സുരേന്ദ്രന്‍

single-img
17 November 2018

സന്നിധാനത്തേക്കു പോവാന്‍ നിലക്കലിലെത്തിയ ബിജെപി നേതാവ് കെ.സുരേന്ദ്രനെ തട‍ഞ്ഞു. യതീഷ് ചന്ദ്ര ഐപിഎസിന്‍റെ നേതൃത്വത്തിലാണ് തടഞ്ഞത്. പ്രവേശനം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും സുരേന്ദ്രന്‍ വഴങ്ങിയില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സന്നിധാനത്തേക്ക് പോകരുതെന്ന് യതീശ് ചന്ദ്ര അഭ്യര്‍ഥിച്ചു.

എന്നാല്‍, പോലീസ് വെടിവെപ്പുണ്ടായാലും ശബരിമലയിലേക്ക് പോകുമെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍. ദര്‍ശനം നടത്താന്‍ അവകാശമുണ്ടെന്നും തന്നെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സ്ഥലത്തേയ്ക്ക് കൂടുതൽ പൊലീസുദ്യോഗസ്ഥരെത്തി. തുടർന്ന് സ്ഥലത്ത് വാക്കുതർക്കമായി.

താന്‍ കെഎസ്ആര്‍ടിസി ബസില്‍ സന്നിധാനത്തേക്ക് പോകുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ ശേഷമാണ് കെ.സുരേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിലേക്ക് പുറപ്പട്ടത്. എന്നാല്‍ നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര പോകാനനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ഇരുമുടിക്കെട്ടുമായി അയ്യപ്പനെ കാണാന്‍ തനിക്ക് പോയേ പറ്റുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

തനിക്ക് വാഹന പാസ് ഉണ്ടെന്നും ശബരിമലയില്‍ രാവിലെ നെയ്യഭിഷേകത്തിനും ഗണപതിഹോമത്തിനും വഴിപാടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഒരു കാരണവശാലും സുരേന്ദ്രനെ കടത്തിവിടരുതെന്ന് എസ്പി യതീഷ് ചന്ദ്ര പൊലീസുകരോട് പറഞ്ഞു.

അതിനിടെ, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചതോടെ നിലയ്ക്കലില്‍ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മരക്കൂട്ടത്തുനിന്ന് പോലീസ് അറസ്റ്റുചെയ്ത ശശികലയ്ക്ക് ജാമ്യം ലഭിച്ചതോടെയാണ് വീണ്ടും സന്നിധാനത്തേക്ക് എത്തുന്നത്.