ശശികല നാട്ടില്‍ വര്‍ഗീയ വിഷം ചീറ്റുന്നു; ഹര്‍ത്താല്‍ ഭക്തരോടുളള യുദ്ധപ്രഖ്യാപനം; ആഞ്ഞടിച്ച്‌ കടകംപള്ളി സുരേന്ദ്രന്‍

single-img
17 November 2018

തി​രു​വ​ന​ന്ത​പു​രം: ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. നാ​ടു​നീ​ളെ ന​ട​ന്ന് വ​ര്‍​ഗീ​യ​ത ചീ​റ്റു​ന്ന​യാ​ളാ​ണ് ശ​ശി​ക​ല​യെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ശബരിമല യുവതി പ്രവേശനവിധി ഒരു സുവര്‍ണാവസരമായി കരുതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അയ്യപ്പഭക്തരോടും വിശ്വാസികളോടും ഒരു പ്രതിബദ്ധതയില്ലെന്ന് തെളിയിക്കുന്ന സന്ദര്‍ഭമാണിതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിഷ്കളങ്കരായ ഭക്തജനങ്ങളും വിശ്വാസികളും ഇവരുടെ ഈ പ്രചാരണത്തില്‍ കുടുങ്ങിപ്പോയിട്ടുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം ഇപ്പോള്‍ അവരുടെ രാഷ്ട്രീയ അജണ്ട ബോദ്ധ്യപ്പെട്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് വ്യക്തമായി. ഹര്‍ത്താല്‍ നടത്തുന്നത് ഭക്തരോടുളള യുദ്ധപ്രഖ്യാപനമാണ്. കലാപമുണ്ടാക്കാനുളള ശ്രമമാണ് ശശികലയുടെ സന്ദര്‍ശനം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധി വേണ്ടേ എന്നും മന്ത്രി ചോദിച്ചു.

ഭക്തയെന്ന നിലയിലല്ല കെ.പി.ശശികല സന്നിധാനത്തേയ്ക്ക് പോകാൻ ശ്രമിച്ചത്. രാത്രി സന്നിധാനത്ത് തങ്ങാനാകില്ലെന്ന് നേരത്തെ പൊലീസ് അറിയിച്ചതാണ്. നിരോധനാജ്ഞ ലംഘിച്ചും സന്നിധാനത്തേയ്ക്ക് പോകുമെന്ന് പ്രഖ്യാപിച്ച് മരക്കൂട്ടത്ത് പ്രതിഷേധിച്ചപ്പോഴാണ് ശശികലയെ കസ്റ്റഡിയിലെടുക്കേണ്ടി വന്നതെന്നും കടകംപള്ളി വ്യക്തമാക്കി.

വാർത്താസമ്മേളനത്തിന് മുമ്പ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് മന്ത്രി പറഞ്ഞു. ഡിജിപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്നും ദേവസ്വംമന്ത്രി വ്യക്തമാക്കി.