അപ്രതീക്ഷിത ഹര്‍ത്താല്‍ പൂര്‍ണ്ണം; പൊതുജനം വലഞ്ഞു; നേതാക്കള്‍ക്ക് തെറിവിളി

single-img
17 November 2018

ഹിന്ദുഐക്യവേദി പ്രസിഡന്‍റ് കെ.പി.ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാത്രി വൈകി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു. സംസ്ഥാനത്ത് കെഎസ്ആർടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ദീര്‍ഘദൂര യാത്രക്കാരടക്കമുള്ളവര്‍ പെരുവഴിയിലായി. ചുരുക്കം ചില സ്വകാര്യ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

രാവിലെ ഉറക്കം ഉണര്‍ന്നപ്പോഴാണ് പലരും ഹര്‍ത്താലാണെന്ന വാര്‍ത്തയറിയുന്നത്. അപ്രതീക്ഷിത ഹര്‍ത്താലായതിനാല്‍ ആര്‍ക്കും മുന്നൊരുക്കങ്ങള്‍ ഒന്നും നടത്താന്‍ കഴിയാതെ വന്നതോടെ പൊതുജനം വലഞ്ഞു. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയവരും വാഹനം കിട്ടാതെ വലഞ്ഞു.

പലരും ഹര്‍ത്താല്‍ വിവരം അറിയാതെ ജോലിക്കും മറ്റു യാത്രകള്‍ക്കുമായി റോഡില്‍ ബസ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം ഹര്‍ത്താല്‍ വിവരം വൈകിയാണ് അറിയുന്നത്. ഇതോടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച നേതാക്കളെ യാത്രക്കാര്‍ കുറ്റപ്പെടുത്തി. ചിലര്‍ അസഭ്യമായ ഭാഷയിലാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

അതിനിടെ തിരുവനന്തപുരം ബാലരാമപുരത്ത് കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതോടെ തലസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു. കോഴിക്കോട്ടും ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പടെ പ്രതിഷേധക്കാര്‍ തടഞ്ഞു. വെള്ളിയാഴ്ച രാത്രി സര്‍വീസ് തുടങ്ങിയ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ ഉള്‍പ്പടെയാണ് തടഞ്ഞത്. ഇത് യാത്രക്കാരെ വലച്ചു. വടക്കന്‍ ജില്ലകളുടെ വിവിധ മേഖലകളില്‍ വാഹനം തടയുന്ന സ്ഥിതിയുണ്ടായി. കൊല്ലം-തേനി ദേശീയപാതയില്‍ പൊന്‍കുന്നത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.

ശബരിമലയിൽ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തത്. തുടർന്ന് റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു. തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതോടെയാണ് അറസ്റ്റ് നടപടി. മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അ‍ഞ്ച് മണിക്കൂര്‍ തട‍ഞ്ഞുനിര്‍ത്തിയ ശേഷമായിരുന്നു അറസ്റ്റ്. പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീര്‍ സന്നിധാനത്തും അറസ്റ്റിലായി. പുലര്‍ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തത്.