ഹര്‍ത്താല്‍ പൊറുക്കാനാകാത്ത തെറ്റെന്ന് രമേശ് ചെന്നിത്തല; ‘ശശികലയെ അറസ്റ്റ് ചെയ്തു വലിയ ആളാക്കിയ സര്‍ക്കാരിന് വലിയ നമസ്‌കാരം’

single-img
17 November 2018

ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൊറുക്കാനാകാത്ത തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനത്തെ ബി.ജെ.പിയും ആര്‍എസ്എസും ബന്ദിയാക്കിരിക്കുകയാണ്. സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ ഹര്‍ത്താല്‍ ശരിയല്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആര്‍എസ്എസും ബിജെപിയും ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റുമ്പോള്‍ മറുഭാഗത്ത് സിപിഎം ശബരിമലയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നു.

രാത്രി മൂന്ന് മണിക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശബരിമല തീര്‍ത്ഥാടകരെയടക്കം പെരുവഴിയിലാക്കി. ഭക്ഷണവും വാഹനവും ലഭിക്കാതെ പാവപ്പെട്ട ജനങ്ങള്‍ വലഞ്ഞു. പ്രതിഷേധം അറിയിക്കാന്‍ മറ്റു ധാരാളം വഴികളുണ്ടായിരുന്നു. ശശികലയെ അറസ്റ്റ് ചെയ്തു വലിയ ആളാക്കിയ സര്‍ക്കാരിന് വലിയ നമസ്‌കാരം. ഭക്ത ആയിട്ടല്ല അവര്‍ ശബരിമലയില്‍ പോയതെന്നാണ് കരുതുന്നത്. ആര്‍ക്കും അറിയാത്ത ശശികലയെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ആളാക്കി മാറ്റിയത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം ഹിന്ദുഐക്യവേദി പ്രസിഡന്‍റ് കെ.പി.ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാത്രി വൈകി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംസ്ഥാനത്ത് കെഎസ്ആർടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പൊലീസ് സംരക്ഷണം നല്‍കിയാല്‍ മാത്രം സര്‍വീസ് നടത്തുമെന്നാണ് നിലപാട്. ദീര്‍ഘദൂര യാത്രക്കാരടക്കമുള്ളവര്‍ പെരുവഴിയിലായി.

ചുരുക്കം ചില സ്വകാര്യ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഹിന്ദുഐക്യവേദിയും ശബരിമല കര്‍മസമിതിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. അതേസമയം പട്ടികജാതി മോര്‍ച്ച അധ്യക്ഷന്‍ പി.സുധീറും സന്നിധാനത്ത് അറസ്റ്റിലായി