നാളെ ഹൈവേകളില്‍ വാഹനം തടയുമെന്ന് ബി.ജെ.പി.

single-img
17 November 2018

ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി നാളെ പ്രതിഷേധ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും, ഹൈവേകളില്‍ വാഹനം തടയുമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടി ആപത്കരമാണെന്ന് പി.എസ്. സുരേന്ദ്രന്‍ പിള്ള പ്രതികരിച്ചു.

ശബരിമല ദര്‍ശനത്തിനെത്തിയ കെ. സുരേന്ദ്രനെ ശനിയാഴ്ച രാത്രിയാണ് പോലീസ് നിലയ്ക്കലില്‍വച്ച് അറസ്റ്റ് ചെയ്തത്. സന്നിധാനത്തേക്ക് പോകുമെന്നും നെയ്യഭിഷേകം കഴിഞ്ഞേ മടങ്ങൂവെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കിയെങ്കിലും പോലീസ് അംഗീകരിച്ചില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നാലുപേരെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതോടെ തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് രാത്രിയില്‍ സെക്രട്ടേറിയറ്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്തത്. മാര്‍ച്ച് പോലീസ് തടയുകയും പ്രതിഷേധക്കാര്‍ക്ക് നേരേ ലാത്തിവീശുകയും ചെയ്തു. സംഘര്‍ഷം തുടര്‍ന്നതോടെ ജലപീരങ്കിയും പ്രയോഗിച്ചു.