ഗജ ചുഴലിക്കാറ്റില്‍ വേളാങ്കണ്ണി പള്ളിയുടെ മിനാരങ്ങള്‍ തകര്‍ന്നു; വന്‍ നാശനഷ്ടം

single-img
16 November 2018

തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടം. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകള്‍ തകര്‍ന്നു.

നാഗപട്ടണം, കടലൂര്‍, തഞ്ചാവൂര്‍, തൂത്തുക്കുടി, പുതുക്കോട്ട എന്നിവിടങ്ങളിലാണ് കാറ്റ് വീശിയടിച്ചത്. ഇവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായിട്ടുണ്ട്. റോഡ്, ട്രെയിന്‍ ഗതാഗതവും താറുമാറായി.

ചുഴലിക്കാറ്റില്‍ അഗോള തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളിക്കും കേടുപാടുകള്‍ പറ്റി. പള്ളിയുടെ മിനാരങ്ങള്‍ക്ക് മുകളിലെ മകുടവും ക്രിസ്തുവിന്റെ പ്രതിമയും കാറ്റില്‍ തകര്‍ന്നു. വലിയ പള്ളിക്കും കാറ്റില്‍ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. പള്ളിയുടെ പരിസരത്തു നില്‍ക്കുന്ന വലിയ മരങ്ങളും കാറ്റില്‍ കടപുഴകി വീണു.

ചുഴലിക്കാറ്റ് മുന്നില്‍ക്കണ്ട് തമിഴ്‌നാട് 6000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരുന്നു. മുന്‍കരുതലെന്ന നിലയില്‍ തമിഴ്‌നാട്ടില്‍ പലയിടത്തും വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തമിഴ്‌നാട് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 76,290 ആളുകളെ തീരദേശപ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.