വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം നടത്തുന്നവര്‍ അയ്യപ്പഭക്തരല്ല: എന്തുവന്നാലും ശബരിമലയില്‍പോകും; തിരിച്ചുപോകില്ലെന്നുറപ്പിച്ച് തൃപ്തി

single-img
16 November 2018

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ താനടക്കമുള്ള യുവതികള്‍ക്കെതിരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുന്നവര്‍ ഭക്തരല്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടു.

‘ശബരിമല ദര്‍ശനം നടത്താതെ തിരിച്ചുപോകില്ല. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ല.’ കൊച്ചിയില്‍പോലും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. വിമാനത്താവളത്തിനു പുറത്ത് ബിജെപിയുടെ ഗുണ്ടായിസമാണെന്നും തൃപ്തി പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധം മൂലം പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. മൂന്നു മണിക്കൂറായി ഇവര്‍ ആഭ്യന്തര ടെര്‍മിനലില്‍ ഇരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തൃപ്തിയോടു സംസാരിച്ചെങ്കിലും മടങ്ങിപ്പോകാന്‍ അവര്‍ കൂട്ടാക്കിയില്ല.

ഇവിടെനിന്നും പുറത്തേക്കുപോകാന്‍ ടാക്‌സി ലഭിക്കാത്തതും തൃപ്തിക്കും സംഘത്തിനും തിരിച്ചടിയായി. പ്രതിഷേധക്കാരുടെ ആക്രമണത്തെ ഭയന്ന് ഓണ്‍ലൈന്‍ ടാക്‌സിയടക്കം തൃപ്തിക്കായി എത്താന്‍ തയാറല്ല.