തൃപ്തി ദേശായി കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങുന്നു; രാത്രി ഒമ്പതരയ്ക്ക് തിരിച്ചുപോകും

single-img
16 November 2018

ശബരിമല പ്രവേശനത്തിനായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങുന്നു. രാത്രി 9.30നുള്ള വിമാനത്തില്‍ അവര്‍ മടങ്ങിപ്പോകുമെന്നാണ് റിപ്പോര്‍ട്ട്. 12 മണിക്കൂറോളം വിമാനത്താവളത്തില്‍ കഴിഞ്ഞ തൃപ്തി ദേശായിയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിലാണ് അവര്‍ മടങ്ങുന്നത്.

തൃപ്തി മടങ്ങിയശേഷമേ പിരിഞ്ഞുപോവുകയുളളൂവെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. ഇതിനിടെ, തൃപ്തിയുടെ പുണെയിലെ വീടിനുമുമ്പിലും പ്രതിഷേധം ആരംഭിച്ചു.
പുലര്‍ച്ചെ തുടങ്ങി ഒരു പകല്‍ മുഴുവന്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങാന്‍ തീരുമാനിച്ചത്. തൃപ്തി ദേശായി ഇന്നുതന്നെ മടങ്ങുമെന്ന് പൊലീസ് ആറുമണിയോടെയാണ് സ്ഥിരീകരിച്ചത്. തൃപ്തിക്കൊപ്പം എത്തിയ ആറ് യുവതികളും മടങ്ങും.

പ്രതിഷേധക്കാരുടെ സാന്നിധ്യം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്കെത്തിയതോടെ പോലീസ് തൃപ്തി ദേശായിയുമായി നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനൊടുവിലാണ് അവര്‍ മടങ്ങാന്‍ സന്നദ്ധത അറിയിച്ചത്. ഇപ്പോൾ മടങ്ങിപ്പോയാലും താൻ തിരികെ വരുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിട്ടുണ്ട്. ഈ മണ്ഡലകാലത്ത് തന്നെ ശബരിമല ദർശനം നടത്താൻ തിരികെ വരുമെന്നാണ് തൃപ്തി ദേശായി വ്യക്തമാക്കിയിരിക്കുന്നത്. നിയമത്തിന്‍റെയും സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയുടെയും അടിസ്ഥാനത്തിലാണ് താൻ വന്നതെന്നും മടങ്ങിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും നേരത്തേ അവർ പല തവണ വ്യക്തമാക്കിയിരുന്നതാണ്.

നേരത്തെ തൃപ്തി ദേശായിയുമായി പോലീസ് ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായിരുന്നില്ല. ആഭ്യന്തര ടെര്‍മിനലിനു പുറത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യവും പോലീസ് തൃപ്തി ദേശായിയെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഏതു സാഹചര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മടങ്ങിപ്പോകില്ലെന്നുമുള്ള നിലപാടാണ് തൃപ്തി ദേശായി സ്വീകരിച്ചിരുന്നത്.

തനിക്ക് വാഹനവും താമസ സൗകര്യവും ഏര്‍പ്പാടാക്കണമെന്ന് തൃപ്തി ദേശായി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്വന്തം നിലയില്‍ വാഹനം ഏര്‍പ്പാടാക്കിയാല്‍ കഴിയുന്ന സുരക്ഷ നല്‍കാമെന്ന് പോലീസ് അവരെ അറിയിക്കുകയായിരുന്നു. ശബരിമലയില്‍ പ്രവേശനം നടത്തുന്നതിന് പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും കോടതിയെ സമീപിക്കുക. ഇക്കാര്യത്തില്‍ തൃപ്തി ദേശായി നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.