കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് എത്തിയത് വെറും 35 പേര്‍; ഒരുക്കിയത് 1100 പേര്‍ക്കുള്ള ഭക്ഷണം; പ്രവര്‍ത്തകരോട് പിണങ്ങി ഉച്ചഭക്ഷണം ഉപേക്ഷിച്ച് ഉപവാസമനുഷ്ഠിച്ച് തിരുവഞ്ചൂര്‍

single-img
16 November 2018

‘വിശ്വാസം സംരക്ഷിക്കാന്‍ വര്‍ഗീയത തുരത്താന്‍’ എന്ന മുദ്രാവാക്യത്തോടെ കെപിസിസിയുടെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നയിക്കുന്ന വിശ്വാസസംരക്ഷണ യാത്ര ഇന്നലെ പുലര്‍ച്ചെ പുല്ലാട്ട് നിന്നാണ് തുടങ്ങിയത്. തുടക്കത്തില്‍ കുറച്ചധികം പ്രവര്‍ത്തകര്‍ യാത്രക്കൊപ്പം ഉണ്ടായിരുന്നു.

ഇനിയും ധാരാളം പ്രവര്‍ത്തകര്‍ യാത്രക്കൊപ്പം ചേരും എന്ന വിശ്വാസത്തില്‍ ഉച്ചയ്ക്ക് 1100 പേര്‍ക്കുള്ള ഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു. എന്നാല്‍ ജാഥ ഇലന്തൂര്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ എണ്ണം നന്നേ കുറവ്. 35 പ്രവര്‍ത്തകര്‍ മാത്രമേ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നുള്ളൂ. സ്‌റ്റേഡിയത്തിലും വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രം.

ഇതില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ച് അഞ്ചു മണി വരെ ഉപവസിക്കാന്‍ തീരുമാനിച്ചു. സംഭവമറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകരും നേതാക്കളും എത്തി അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇത്ര ഗൗരവമേറിയ സമരത്തെ വേണ്ടത്ര പ്രാധാന്യത്തോടെ കാണാതിരുന്ന സംഘാടകരുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നു തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പുല്ലാട് നിന്ന് യാത്രയ്‌ക്കൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കോഴഞ്ചേരിയിലും മല്ലപ്പുഴശേരിയിലും തങ്ങിയതിനാലും ഇലന്തൂരില്‍ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ എത്തിച്ചേരാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതിനാലുമാണ് ആശയക്കുഴപ്പമുണ്ടായതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.