ജാഗ്രത തുടരണമെന്ന് പൊതുജനങ്ങളോട് സൗദി

single-img
16 November 2018

സൗദി അറേബ്യയില്‍ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പുനല്‍കി. മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കാനാണ് പ്രത്യേക നിര്‍ദേശം.

രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് എസ്.എം.എസ്. സന്ദേശത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കി.

തണുപ്പ് തുടങ്ങിയതോടെ മരുഭൂമികളില്‍ വിനോദത്തിന് പോകുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മഴ കഴിയുന്നതുവരെ ഇത് ഒഴിവാക്കണം. താഴ്‌വരകളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നതും നീന്താന്‍ ശ്രമിക്കുന്നതും അപകടം വരുത്തുമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

വ്യാഴാഴ്ച രാവിലെ മുതല്‍ ജിദ്ദ, അല്‍ ഖസിം എന്നീ പ്രവിശ്യകളിലെ പല ഭാഗങ്ങളിലും ഇടവിട്ട് പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി. ഇടിമിന്നലും ശീതക്കാറ്റും ശക്തമായതോടെ വിവിധ പ്രവിശ്യകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഹഫര്‍ അല്‍ ബാത്തിനിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ദുരിതത്തിലായ ഒട്ടേറെപ്പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.