കാനനപാതയിലും ചരിത്രത്തിലാദ്യമായി പാസ് ഏര്‍പ്പെടുത്തി; പമ്പയിലും ഭക്തര്‍ക്ക് നിയന്ത്രണം; വിരി വയ്ക്കാന്‍ അനുവാദമില്ല: സന്നിധാനത്ത് പൊലീസുകാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി

single-img
16 November 2018

എരുമേലിയില്‍ നിന്നു ശബരിമലയിലേക്കുള്ള കാനനപാതയില്‍ പൊലീസ് പാസ് ഏര്‍പ്പെടുത്തി. അഴുതക്കടവിലെ എയ്ഡ് പോസ്റ്റില്‍ പേരും മേല്‍വിലാസവും നല്‍കിയാല്‍ തീര്‍ഥാടകര്‍ക്കു പാസ് നല്‍കും. നിലയ്ക്കലില്‍ നിന്നുള്ള പാസ് കാനന പാതയിലൂടെ പോകുന്നവര്‍ക്കു ബാധകമല്ലാത്തതിനാലാണു അഴുതയില്‍ പാസ് ഏര്‍പ്പെടുത്തിയത്. നിലയ്ക്കലില്‍ വാഹനങ്ങളുടെ എണ്ണം 10000 കവിഞ്ഞാല്‍ എരുമേലിയില്‍ തടയാനാണ് നീക്കം. എരുമേലിയിലെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ പിടിച്ചിടാനാണ് ആലോചന.

അതിനിടെ, ശബരിമല നട വൈകിട്ട് തുറക്കാനിരിക്കെ പമ്പയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തീര്‍ഥാടകരെ ഗണപതി ക്ഷേത്രത്തിനു മുന്നില്‍ വിരി വയ്ക്കാന്‍ അനുവദിക്കുന്നില്ല. നിലയ്ക്കലില്‍ ദേവസ്വം ജീവനക്കാരേയും വഴിപാട് സാധനങ്ങളുമായി പോയ വാഹനങ്ങളേയും തടഞ്ഞു. എരുമേലിയിലും ഭക്തരുടെ വാഹനങ്ങള്‍ പിടിച്ചിട്ടു.

അതേസമയം സന്നിധാനത്ത് പൊലീസുകാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി. 18ാം പടിക്ക് താഴെ ജോലിചെയ്യുന്നവര്‍ക്കാണ് കാക്കി യൂണിഫോം, തൊപ്പി, ബെല്‍റ്റ്, ഷൂസ്, ഷീല്‍ഡ്, ലാത്തി എന്നിവ നിര്‍ബന്ധമാക്കിയത്. അതേസമയം, ശബരിമലയിലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ആകെ 15,259 പൊലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുള്ളത്. ഡിഐജിയും അഡീഷണല്‍ ഡിജിപിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്. നാലു ഘട്ടങ്ങളുള്ള ഈ സീസണില്‍ എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാചുമതലകള്‍ക്കായി ഉണ്ടാകും.

ഡിവൈഎസ്പി തലത്തില്‍ 113 പേരും ഇന്‍സ്‌പെക്ടര്‍ തലത്തില്‍ 359 പേരും എസ്‌ഐ തലത്തില്‍ 1,450 പേരുമാണ് ഇക്കാലയളവില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുക. 12,562 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സിഐ, എസ്‌ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍/ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.